ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ മോര്‍ബിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും മോദി സന്ദര്‍ശിച്ചു.. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച വൈകീട്ടുണ്ടായ അപകടത്തില്‍ 135 പേര്‍ മരിച്ചിരുന്നു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അതേസമയം, തൂക്കുപാലം അപകടം നടന്ന് നാലാം ദിനവും തിരച്ചിൽ തുടരുന്നു.ഇനിയും ഏതാനും പേരെ കണ്ടെത്താനുണ്ടെന്ന് എൻഡിആർഎഫ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ അറസ്റ്റ് ചെയ്തു. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു.
–