മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം.

സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. 

മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും തട്ടിപ്പിനുവേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ്‍ പി ആര്‍ റസ്തം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്

25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ കെ സുധാകരൻ 10 ലക്ഷം കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 406, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപ്പത്രം സമർപ്പിച്ചത്.

ജൂണില്‍ ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് നടപടി. തുടർന്ന് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു. 

2018 ലാണ് കേസിനാസ്പദമായ സംഭവം. 2018-ല്‍ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസണ്‍ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നല്‍കിയിരുന്നത്.

പണം വാങ്ങുന്നത് കണ്ടുവെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും മൊഴി നല്‍കിയിരുന്നു. മോൻസണില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published.