മൃതദേഹങ്ങള്‍ക്കിടെയില്‍ നിന്ന് ‘വെള്ളം തരൂ’ എന്ന് അപേക്ഷ, ഒഡീഷയില്‍ മരണത്തെ തോല്‍പ്പിച്ച് യുവാവ്

Spread the love

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തില്‍ നിന്ന് തലനാ‍ഴിരയ്ക്ക് ജീവന്‍ തിരിച്ച് പിടിച്ച് യുവാവ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ചർണേഖലി ഗ്രാമവാസിയാണ്  റോബിന്‍. ദുരന്തമുണ്ടായ ദിവസം  റോബിനും  ഗ്രാമത്തിൽ നിന്നുള്ള മറ്റ് ഏഴുപേരും ജോലി തേടി ഹൗറയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക്  പോകാനായി കോറമാണ്ടൽ എക്‌സ്പ്രസിൽ കയറിയിരുന്നു.

ദുരന്തത്തില്‍ മരണപ്പെട്ടെന്ന് കരുതി  നൂറ് കണക്കിന് മൃതദേഹങ്ങള്‍ക്കൊപ്പം  റോബിനെയും ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ സ്‌കൂൾ മുറിയിൽ മൃതദേഹങ്ങൾ നീക്കം ചെയ്യുമ്പോള്‍ ഇരുകാലുകളും നഷ്ടപ്പെട്ട നുറുങ്ങുന്ന വേദന കടിച്ചമര്‍ത്തി റോബിൻ  ഒരു രക്ഷാപ്രവര്‍ത്തകന്‍റെ കാലില്‍ പിടിച്ചു.

”ഞാൻ ജീവിച്ചിരിക്കുന്നു, മരിച്ചിട്ടില്ല, ദയവായി എനിക്ക് വെള്ളം തരൂ” എന്നാണ് റോബിൻ രക്ഷാപ്രവര്‍ത്തകനോട് പറഞ്ഞത്. ആദ്യം ഒന്ന് പകച്ചെങ്കിലും രക്ഷാപ്രവര്‍ത്തകൻ ഉടൻ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ കൂടുതല്‍ ആളുകളെത്തി റോബിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നെ തിരികെ ജീവിതത്തിലേക്ക്.ട്രെയിന്‍ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഏകദേശം 278 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. 1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 101 മൃതദേഹങ്ങള്‍  ഇതുവരെ തിരിച്ചറിയാൻ പോലും സാധിച്ചിട്ടില്ല. സംഭവത്തില്‍ ക‍ഴിഞ്ഞ ദിവസം സിബഐ കേസ് രജസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published.