മുസ്ലിം ലീഗിൽ നിന്നും കെഎസ് ഹംസയെ പുറത്താക്കി..

Spread the love

സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരണമെന്ന അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ മുസ്ലിം ലീഗിൽ പുറത്താക്കൽ നടപടി. ഇന്ന് സംസ്ഥാന കൗൺസിൽ ചേരാനിരിക്കെയാണ് മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ പാർട്ടിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

അച്ചടക്ക സമിതിയുടെ ശുപാർശയിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളാണ് നടപടിയെടുത്തത്. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് സംസ്ഥാന അച്ചടക്ക സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പ്രവര്‍ത്തക സമിതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമര്‍ശിച്ചതിലും നേരത്തെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹംസയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.

ഹംസയുടെ വിമര്‍ശനത്തിനെ തുടര്‍ന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്നതാണ് കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചത്. പാര്‍ട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളര്‍ത്താന്‍ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക് പ്രയോഗങ്ങളും ഹംസ നടത്തി. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ട് ഇരുവരെയും അനുനയിപ്പിച്ച ശേഷമാണ് യോഗം പിരിഞ്ഞത്.

എന്നാല്‍ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നു. ഇത് ബോധപൂര്‍വം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് എന്നും ഇതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. യോഗത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായി നല്‍കുന്നതിനെ കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് അച്ചടക്ക കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹംസയെ പുറത്താക്കിയതെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published.