മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

Spread the love

തൃപ്പൂണിത്തുറ: പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച്‌ പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.

പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയായ ഫസീല ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സാന്‍ പ്രീമിയര്‍ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടില്‍ കെ.എന്‍. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവര്‍ കവര്‍ന്നിരുന്നു. കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പര്‍ദ ധരിച്ചു വന്നയാളാണ് പെട്ടെന്ന് മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് തന്നെ ആക്രമിച്ച്‌ പണവും ആഭരണവും കവര്‍ന്നതെന്ന് സുകുമാര മേനോന്‍ പറഞ്ഞിരുന്നു.

പര്‍ദ ധരിച്ചെത്തിയ പുരുഷനായിരുന്നു അക്രമി എന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍, പോലീസ് ഒട്ടേറെ സി.സി.ടി.വി. ക്യാമറകളടക്കം പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചു. ഇവര്‍ കവര്‍ച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കണ്ണന്‍കുളങ്ങരയില്‍ വന്നിറങ്ങി പര്‍ദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച്‌ നടന്നു വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്.

ഒറ്റപ്പാലത്ത് ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയതിനും ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഫസീലയുടെ പേരില്‍ കേസുള്ളതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.