മുല്ലപ്പൂവിന് വിപണിയിൽ പൊള്ളുംവില. ഒറ്റദിവസംകൊണ്ട് കിലോയ്ക്ക് കൂടിയത് 1000 രൂപയാണ്. വിവാഹങ്ങള്‍ കൂടിയതും ഒപ്പം ക്രിസ്തുമസ് എത്തിയതും പൂവിന് ഡിമാന്‍ഡ് കൂട്ടി. മാത്രമല്ല മഞ്ഞുകാലമായതോടെ ഉത്പാദനം കുറഞ്ഞതും മുല്ലപ്പൂ വിലകൂടാന്‍ കാരണമായി. മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്.
കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തിരൂര്‍ മാര്‍ക്കറ്റില്‍ കുടമുല്ലയ്ക്ക് കിലോയ്ക്ക് 1300 രൂപയും വെള്ളിയാഴ്ച 1600 രൂപയുമായിരുന്നു. ശനിയാഴ്ച കുത്തനെ കൂടി 2600 രൂപയായി. അരിമുല്ലയ്ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 800 രൂപയും വെള്ളിയാഴ്ച 1000 രൂപയും ശനിയാഴ്ച 2000 രൂപയുമായി വില ഉയര്‍ന്നു.