മുകുന്ദൻ നായരായി കോളജ് അധ്യാപികയെ വിവാഹം ചെയ്ത് 10 ലക്ഷവും 101 പവനും തട്ടിയ ഷാജഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Spread the love

കോളേജ് അധ്യാപികയെ കബളിപ്പിച്ച്‌ വിവാഹം ചെയ്ത് 10.27 ലക്ഷം രൂപയും 101 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് നാടുവിട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പ്രതി ഷാജഹാന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജ്‌മോഹന്‍ പറഞ്ഞു.

”നായര്‍ സമുദായത്തില്‍പ്പെട്ട അധ്യാപികയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധം പിരിഞ്ഞശേഷം പുനര്‍വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു. മുകുന്ദന്‍ നായര്‍ എന്ന പേരിലാണ് ഷാജഹാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത്. ഈ പേരിലാണ് ഇയാള്‍ യുവതിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പരിചയപ്പെട്ടത്. മാതാപിതാക്കള്‍ മരിച്ചുപോയെന്നും സഹോദരന്‍ യുകെയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയുമാണെന്നാണ് ഇയാള്‍ ഇവരെ ധരിപ്പിച്ചത്,” രാജ്‌മോഹന്‍ പറഞ്ഞു.

താന്‍ വിദേശത്താണ് ജോലി ചെയ്യുന്നതെന്നും ഇയാള്‍ യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതിനായി വ്യാജ എസ്‌എസ്‌എല്‍സി ബുക്ക് ഇവരെ കാണിച്ചു. യുവതിയുടെ മാതാപിതാക്കള്‍ ഇയാളെക്കുറിച്ച്‌ കൂടുതലായി അന്വേഷിച്ചില്ല. വിവാഹനിശ്ചയ ചടങ്ങിന് ഷാജഹാന്‍ തനിച്ചാണ് എത്തിയത്. വിവാഹത്തിന് പങ്കെടുക്കാന്‍ ബന്ധുക്കളായി അഭിനയിക്കാന്‍ ഏഴുപേരെ ഇയാള്‍ പണം കൊടുത്ത് ഏര്‍പ്പാടാക്കി. വിവാഹം കഴിഞ്ഞ് അഞ്ച് മാസം ഇയാള്‍ അധ്യാപികയ്‌ക്കൊപ്പം താമസിച്ചു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇതിന് ശേഷം ഇയാള്‍ നാടുവിട്ടു. ഇതിന് തൊട്ട് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കി. 2019-ല്‍ ഷാജഹാന്‍ തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം അവകാശപ്പെട്ട് തങ്ങളെ സമീപിച്ചേക്കുമെന്ന് ഭയന്നാണ് കുടുംബം പോലീസില്‍ പരാതിപ്പെടുന്നത്. 2020-ല്‍ കേസ് സിബിഐയ്ക്ക് കൈമാറി. ക്രൈംബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പ്രതി സിംഗപ്പൂരോ ഇന്തോനേഷ്യയിലോ തായ്‌ലന്‍ഡിലോ ഉണ്ടെന്ന് അവര്‍ സംശയിക്കുന്നു.

”ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായി. പത്താം ക്ലാസ് വരെ മാത്രമെ ഇയാള്‍ പഠിച്ചിട്ടുള്ളൂ. അധ്യാപികയെ കൂടാതെ, നാല് സ്ത്രീകളെക്കൂടി ഇയാള്‍ വിവാഹം കഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യ ഭാര്യ ഇപ്പോള്‍ തിരുവനന്തപുരത്താണ്. ഷജഹാന് വേണ്ടി വ്യാജ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയയാളെ തിരിച്ചറിഞ്ഞു. കേരളത്തിലുള്ള ഇയാളുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ വഴി ഇയാളെ കേരളത്തിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വരാന്‍ അയാള്‍ കൂട്ടാക്കിയില്ല,” ഡിവൈഎസ്പി പറഞ്ഞു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായി ഷാജഹാന്‍ കേരളത്തില്‍ എത്തിയേക്കുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ലുക്ക് ഔട്ട്‌നോട്ടീസ് പുറപ്പെടുവിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

Leave a Reply

Your email address will not be published.