മാരക മയക്കമരുന്നായ ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്സൈസ് കസ്റ്റഡിയില്‍

Spread the love

കോട്ടയം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്റല്ലിജന്‍സ് ബ്യുറോയുടെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ കോട്ടയം നഗരത്തില്‍ പഴം – പച്ചക്കറി വ്യാപരത്തിന്റെ മറവില്‍ യുവാക്കളെയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും ലക്ഷ്യമാക്കി മാരകലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തി വന്നിരുന്ന ആസാം സ്വദേശി അറസ്റ്റിലായി.

5 വര്‍ഷത്തില്‍ അധികമായി കേരളത്തില്‍ അഥിതി തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കമരുന്ന് വില്പന നടത്തി വന്നിരുന്ന ആസാം സംസ്ഥാനത്ത് സോണിപൂര്‍ ജില്ലയില്‍ പഞ്ച്‌മൈല്‍ ബസാര്‍ സ്വദേശിയായ ഹര്‍മുജ് അലി മകന്‍ 33 വയസ്സുള്ള രാജികുള്‍ അലം എന്നയാളാണ് ഒരാഴ്ച നീണ്ട നീക്കത്തിനൊടുവില്‍ 4 ലക്ഷത്തോളം രൂപയുടെ മയക്ക മരുന്നുമായി എക്സൈസ് സംഘത്തിന്റെ വലയിലായത്.

ലഹരിയുടെ നൂതന വഴികള്‍ തേടുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി അന്യ സംസ്ഥാനത്തു നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തില്‍ കൊണ്ട് വരുന്ന ഹെറോയിന്‍ എന്ന് അറിയപ്പെടുന്ന ബ്രൗണ്‍ ഷുഗര്‍ 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്.
മുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതി ആയിട്ടുള്ള രാജികുള്‍ അലം പണം കണ്ടെത്താനുള്ള എളുപ്പവഴികള്‍ യുവതലമുറയുടെ ലഹരിയോടുള്ള ഭ്രമം മനസ്സിലാക്കി മുതലെടുത്തു വരുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയില്‍ നിന്നും 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലായി നിറച്ച നിലയില്‍ ആണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ ദിവസം മുഴുവന്‍ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തില്‍ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയില്‍ നിന്നും പ്രോസസ്സ് ചെയ്‌തെടുക്കുന്ന ഹെറോയിന്‍ അഥവാ ബ്രൗണ്‍ ഷുഗര്‍. സമൂഹത്തിലെ പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ ഉണ്ടാകും എന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ അറിയിച്ചു. കമ്മീഷണര്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, ഇന്റലിജന്‍സ് ബ്യുറോ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത്. K. നന്ദ്യാട്ട് കോട്ടയം എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍മാരായ K. N. വിനോദ്, അനു. V. ഗോപിനാഥ്, G.അനില്‍ കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിമേഷ്. K. S, പ്രശോഭ് K. V, ശ്യാം ശശിധരന്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിജയരശ്മി. V എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.