മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

Spread the love

മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ യശ്വന്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

താനെ ജില്ലയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ആഡംബര ബസ് അഹമ്മദ്നഗര്‍ ജില്ലയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസിക്കിലെ സിന്നാര്‍ തഹ്സിലിലെ പതാരെ ശിവറിന് സമീപം രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് ചെറിയ ആണ്‍കുട്ടികളും ഒരു പുരുഷനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published.