മലാലയുടെ ആ മറുപടിക്ക് കൈയ്യടിച്ച് ഓസ്‌കാര്‍ വേദി.

Spread the love

ഓസ്‌കാര്‍ വേദിയില്‍ പരിഹാസം കലര്‍ന്ന തമാശക്ക് കൃത്യതയുള്ള മറുപടിയുമായി മലാല യൂസഫ് സായി. അവതാരകനുള്ള മറുപടി അടക്കമുള്ള വീഡിയോ മലാല തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

സ്പിറ്റ്‌ഗേറ്റ് വിവാദത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അവതാരകനായ ജിമ്മി കിമ്മല്‍ മലാലയോട് ചോദിച്ചത്. മനുഷ്യാവകാശത്തിനും കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനുമായി പോരാടുന്ന പ്രചോദനമാണ് മലാല എന്ന മുഖവുരയോടെയായിരുന്നു അവതാരകന്‍ ചോദ്യം ചോദിച്ചത്. പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവെന്ന നിലയില്‍ ക്രിസ് പൈനിന് നേരെ ഹാരി സ്‌റ്റൈല്‍സ് തുപ്പി എന്നു കരുതുന്നുണ്ടോ എന്നായിരുന്നു ജിമ്മിയുടെ ചോദ്യം. ‘സമാധാനത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ’ എന്നായിരുന്നു ഇതിനുള്ള മലാലയുടെ മറുപടി. വേദിയും സദസ്സും കൈയ്യടിയോടെയായിരുന്നു മലാലയുടെ വാക്കുകളെ സ്വീകരിച്ചത്. ആളുകളോട് ദയാപൂര്‍വ്വം പെരുമാറുകയെന്ന കുറിപ്പോടെ മലാല ഈ വീഡിയോ റീട്വീറ്റ് ചെയ്തിരുന്നു.

ഓസ്‌കാര്‍ വേദിയില്‍ താരമായി മാറാനും മലാല യൂസഫ് സായിക്ക് സാധിച്ചിരുന്നു. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല തിളങ്ങുന്ന സില്‍വര്‍ ഗൗണിലാണ് വേദിയിലെത്തിയത്. റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള ഗൗണിനൊപ്പം പ്ലാറ്റിനം കമ്മലും വജ്രവും മരതകവും ചേര്‍ന്ന മോതിരങ്ങളും മലാല അണിഞ്ഞിരുന്നു. ഭര്‍ത്താവ് അസര്‍മാലിക്കും അവര്‍ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

Leave a Reply

Your email address will not be published.