മലയാള സിനിമയില്‍ സ്ഥിരമായി പറ്റിക്കപ്പെടുന്നത് മൂന്ന് പേര്‍

Spread the love

അഭിനയം,തിരക്കഥ,ഛായാഗ്രഹണം തുടങ്ങിയ മോഹങ്ങളുമായെത്തുന്നവരെ തട്ടിപ്പിനിരയാക്കുന്നതില്‍ ചില സാങ്കേതികപ്രവർത്തകരുടെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം. കോടികളുടെ കണക്കുമായി മുന്നേറുന്ന മലയാള സിനിമാവ്യവസായത്തില്‍ രേഖകളില്ലാതെ ഒഴുകുന്ന കോടികളുടെ മറവില്‍ തട്ടിപ്പുകളും വഞ്ചനയും പലവിധം. നിർമ്മാണത്തിന് പുറമേ അഭിനയമോഹം ചൂഷണം ചെയ്‌തും സാമ്പത്തിക തട്ടിപ്പുകള്‍ പതിവാണ്. രേഖകളും കരാറുമില്ലാതെയുള്ള ഇടപാടുകളില്‍ ഇരകള്‍ക്ക് പരാതി നല്‍കാൻ കഴിയാത്തതാണ് തട്ടിപ്പുകള്‍ ആവർത്തിക്കാൻ കാരണമെന്ന് സിനിമാസംഘടനാഭാരവാഹികള്‍ പറയുന്നു. സമ്പന്നരായ പ്രവാസികളും വ്യവസായികളുമാണ് മുഖ്യമായും ഇരയാകുന്നത്. പണം നല്‍കിയാല്‍ നിർമ്മാണ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങളോ കോടികളോ വാങ്ങിക്കും. പലരില്‍ നിന്നും പണം വാങ്ങുന്ന നിർമ്മാതാവിന് ചെറിയ മുതല്‍മുടക്കേ വേണ്ടിവരൂ. ചിത്രം വിജയിച്ചില്ലെങ്കില്‍ മുടക്കുമുതല്‍ പങ്കാളിക്ക് നഷ്‌ടമാകും. വിജയിച്ചാല്‍ പോലും ചിലപ്പോള്‍ മുടക്കുമുതല്‍ കിട്ടില്ലെന്ന സ്ഥിതിയുമുണ്ട്. വാക്കാലുള്ള ഇടപാടായതിനാല്‍ പരാതിപ്പെടാനുമാകില്ല. റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമയുടെ നിർമ്മാതാവിന് ചാനലിലെ സംപ്രേഷണാവകാശം ഒന്നരക്കോടി രൂപയ്‌ക്ക് വിറ്റുതരാമെന്നാണ് ചെന്നൈയിലെ ഏജന്റ് ഉറപ്പുനല്‍കിയത്. രണ്ടുലക്ഷം രൂപ വാങ്ങിപ്പോയ മലയാളിയായ ഏജന്റിനെ പിന്നെ കണ്ടിട്ടില്ല. ചാനലില്‍ അന്വേഷിച്ചപ്പോള്‍ അറിയില്ലെന്ന് മറുപടി. തിയേറ്ററിലെത്താത്ത സിനിമകളില്‍പ്പോലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇരകള്‍ നിയമനടപടിക്ക് തയ്യാറായിട്ടില്ല. സൂപ്പർഹിറ്റായ ‘മഞ്ഞുമ്മല്‍ ബോയ്‌സി”ലൂടെ പുറത്തുവന്നത് ഇവയിലൊന്ന് മാത്രം.

സ്വന്തം കമ്ബനിയുടെ പേരില്‍ പാലക്കാട് സ്വദേശി നിർമ്മിച്ച്‌ സംവിധാനം ചെയ്‌ത സിനിമ വിതരണക്കാരൻ തട്ടിയെടുത്തത് ഈയിടെയാണ്. രണ്ട് സുഹൃത്തുക്കളും പണം മുടക്കി. വിതരണാവകാശം വാങ്ങിയയാള്‍ സ്റ്റുഡിയോയില്‍ നിന്ന് സിനിമ ഹാർഡ്‌ ഡിസ്‌കിലാക്കി. രണ്ട് തിയേറ്ററില്‍ രണ്ട് ഷോ മാത്രമാണ് പ്രദർശിപ്പിച്ചത്. രജിസ്റ്റർ ചെയ്‌ത സ്ഥാപനമില്ലാത്ത വിതരണക്കാരനെതിരെ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണ് സംവിധായകൻ. കരാറും രേഖയുമില്ലാതെ പണം മുടക്കുന്നവർ തട്ടിപ്പിനിരയാകാറുണ്ട്.

Leave a Reply

Your email address will not be published.