മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം, സംഭവം മംഗളൂരുവില്‍

Spread the love

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം.  മംഗളൂരു സോമേശ്വര്‍ ബീച്ചിലാണ് സംഭവം. വ്യാ‍ഴാ‍ഴ്ച രാത്രി 7.30നാണ് സോമേശ്വര ബീച്ചിൽ വച്ച് കാസർകോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഇവർ.

മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു സംഘം ആൾക്കാരെത്തി ഇവരുടെ പേര് ചോദിച്ചു. വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണെന്ന് ഉറപ്പാക്കിയ ശേഷം ആൺകുട്ടികളെ മർദിക്കുകയായിരുന്നു. മറ്റൊരു മതത്തിൽ പെട്ട സഹപാഠികളുമായി ബീച്ചിൽ പോയത് എന്തിനാണ് എന്ന് ചോദിച്ച് മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമി സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതു തടയാൻ ശ്രമിച്ച പെൺകുട്ടികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ബീച്ചിലുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് ഉള്ളാൽ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ദെർളക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അക്രമി സംഘത്തിലെ നാലുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. അന്വേഷണത്തിന് രണ്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കർണാടകയിൽ നടക്കുന്ന മൂന്നാമത്തെ സദാചാര ഗുണ്ടാ ആക്രമണമാണ്. നേരത്തേ ചിക്കമംഗളൂരുവിലും സമാന ആക്രമണമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.