മലക്കംമറിഞ്ഞ് ഗവര്‍ണര്‍: മന്ത്രിയെ പുറത്താക്കിയ നടപടി മരവിപ്പിച്ചു

Spread the love

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി തന്നെയാണ് വ്യാ‍‍ഴാ‍ഴ്ച രാത്രിയോടെ സെന്തില്‍ ബാലാജിയെ പുറത്താക്കി അസാധാരണ ഉത്തരവിറക്കിയത്. അതേ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് മരവിപ്പിക്കേണ്ടി വന്നു.

ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോർണി ജനറലിന്‍റെ നിയമോപദേശം തേടിയെന്ന് ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചായിരുന്നു തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി.

കഴിഞ്ഞ ദിവസമാണ് റെയ്ഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതോടെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ, വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ​ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള അസാധാരണ നടപടി ഗവർണർ സ്വീകരിക്കുകയായിരുന്നു.

എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഗവർണര്‍ ഈ നടപടി മരവിപ്പിച്ചു. ബാലാജിയെ പുറത്താക്കി ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയെ കുഴിച്ചു മൂടാനുള്ള ശ്രമം ഭയാനകം എന്നാണ് സ്റ്റാലിൻ പ്രതികരിച്ചത്. ജനാധിപത്യ ഇന്ത്യയെ തകർക്കാനുള്ള മോദി സർക്കാരിന്‍റെ നീക്കം ചെറുത്തു തോൽപ്പിക്കണം. മുതിർന്ന ഡിഎംകെ നേതാക്കളെയും സ്റ്റാലിൻ കണ്ടിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.