മറ്റൊരാള്‍ക്കൊപ്പം താമസമാക്കിയ മുന്‍ഭാര്യയെ പിന്തുടര്‍ന്ന് മുടി പിഴുതെടുത്തു യുവാവ്

Spread the love

ബസ് സ്റ്റാൻഡില്‍ വച്ച്‌ മുൻ ഭാര്യയെ കുത്തിവീഴ്ത്തി അതിഥിത്തൊഴിലാളി. മറ്റൊരു യുവാവിനൊപ്പം മുൻ ഭാര്യ താമസമാക്കിയതാണ് അക്രമണത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അസം ദേമാജി സ്വദേശി മധുജ ബറുവ(25)യെ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 2ന് ചങ്ങനാശേരി നഗരത്തില്‍ വാഴൂർ റോഡിലുള്ള ഒന്നാം നമ്പര്‍ ബസ് സ്റ്റാൻഡിലാണ് സംഭവമുണ്ടായത്. സ്റ്റാൻഡിലെ യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും നോക്കിനില്‍ക്കെയാണ് അസം സ്വദേശിനി മോസിനി ഗോഗോയ്(22) ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവയെയെന്ന് പോലീസ് പറയുന്നു. ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഫാത്തിമാപുരത്ത് മറ്റൊരു അതിഥിത്തൊഴിലാളി യുവാവിനോടൊപ്പം താമസിക്കുകയാണ് യുവതി. നഗരത്തില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയതിനു ശേഷം താമസസ്ഥലത്തേക്കു പോകാനായാണ് യുവതി ബസ് സ്റ്റാൻഡിലെത്തിയത്. മധുജ യുവതിയെ പിന്തുടർന്ന് ബസ് സ്റ്റാൻഡില്‍ എത്തി. തുടർന്ന് ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും കയ്യില്‍ കരുതിയ കത്തി കൊണ്ട് മധുജ യുവതിയുടെ ശരീരത്തില്‍ തുടരെത്തുടരെ കുത്തുകയായിരുന്നു. ഇയാളെ തള്ളിമാറ്റി യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുത്തിയെന്നു പോലീസ് പറഞ്ഞു. യുവതിയുടെ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പരുക്കുണ്ട്. യുവതിയുടെ മുടിയും പിഴുതെടുത്തു. കയ്യില്‍ കത്തിയുള്ളതിനാല്‍ സമീപത്തുണ്ടായിരുന്നവർക്കു തടയാൻ കഴിഞ്ഞില്ല. ഈ സമയം സ്റ്റാൻഡിന്റെ പരിസരത്ത് സംഭവത്തിനു ദൃക്സാക്ഷിയായ ആള്‍ അക്രമിക്കു നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞു. തുടർന്ന് അക്രമി ബസ് സ്റ്റാൻഡിനു സമീപം റോഡിലൂടെ മുനിസിപ്പല്‍ ആർക്കേഡ് പരിസരത്തേക്ക് കടന്നുകളഞ്ഞു. നാട്ടുകാർ ഇയാളെ പിടികൂടി കീഴ്പ്പെടുത്തി ചങ്ങനാശേരി പോലീസിനെ ഏല്‍പ്പിച്ചു.

Leave a Reply

Your email address will not be published.