സിപിഐഎം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു എന്ന രീതിയിൽ മനോരമയും ഏഷ്യാനെറ്റും സംപ്രേക്ഷണം ചെയ്ത വാർത്ത തെറ്റാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
സിപിഐ എം നേമം ഏര്യാ സെക്രട്ടറി സ: പാറക്കുഴി സുരേന്ദ്രനെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു എന്ന നിലയിൽ അങ്ങേയറ്റം തെറ്റായ ഒരു വാർത്ത മനോരമയും ഏഷ്യാനെറ്റും ഇന്ന് വൈകിട്ട് പ്രക്ഷേപണം ചെയ്തു. സിപിഐ എം നെയും പാർട്ടി നേതാക്കളെയും കുറിച്ച് എന്ത് നുണയും അസംബന്ധവും എഴുതാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ട് എന്ന നിലയ്ക്കാണ് ഈ വലതുപക്ഷ മാധ്യമങ്ങൾ വാർത്തകൾ പടച്ചു വിടുന്നത്. സ: പാറക്കുഴി സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഷയങ്ങൾ ചർച്ച ചെയ്യുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. ആ സഖാവിനെയും പാർട്ടിയെയും ബോധപൂർവം അപമാനിക്കുക എന്ന ലക്ഷ്യം വച്ച് വാർത്ത കൊടുക്കുക എന്ന ഹീനമായ പ്രവർത്തിയാണ് മനോരമയും ഏഷ്യാനെറ്റും ചെയ്തിട്ടുള്ളത്. ഇതിൽ ശക്തിയായ പ്രതിഷേധം രേഖപെടുത്തുന്നു. ഇത് അങ്ങേയറ്റം അധമമായ മധ്യപ്രവർത്തനരീതിയാണ്. ഇത്തരം നുണകളെ പൊതുജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് അഭ്യർത്ഥിക്കുന്നു.