സംഘര്‍ഷാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ നാല് ജില്ലകളില്‍ നിന്നായി ആയുധവേട്ട നടത്തി സൈന്യം. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍നിന്നാണ് ബോംബുകളും തോക്കുകളുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഖൊക്കന്‍ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു സ്ത്രീയടക്കം മൂന്ന് പേർ വെടിയേറ്റ് മരിച്ചിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാലോടെ ഖാൻപോപി ജില്ലയുടേയും ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലാണ് വെടിവെപ്പുണ്ടായത്.
അസം റൈഫിള്‍സാണ് മൂവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. കരസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. മണിപ്പൂര്‍ കലാപത്തില്‍ പൊലീസ് ഇതുവരെ 3,734 കേസുകളെടുത്തു. കഴിഞ്ഞമാസം മൂന്നാംതീയതി തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. മുപ്പത്തയ്യായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
