മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമെന്ന് തോമസ് ഐസക്

Spread the love

മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. എം തോമസ് ഐസക്. ഏത് കലാപവും ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന് അടിച്ചമര്‍ത്താനാകും. എന്നാല്‍ മണിപ്പൂരില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും തോമസ് ഐസക് പറഞ്ഞു. മണിപ്പൂര്‍ കലാപം അവസാനിപ്പിക്കുക, ബിജെപി സര്‍ക്കാര്‍ നീതി പാലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് ആലപ്പുഴ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഐസക്.മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകര്‍ക്കപ്പെട്ടു. പതിനായിരങ്ങള്‍ക്ക് പരുക്കേറ്റു. 50,000 പേര്‍ വീടുവിട്ട് ഓടിപ്പോയി. എന്നിട്ടും കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഗുജറാത്ത് കലാപം ഒരുമാസം നീണ്ടപ്പോള്‍ ‘രാജ് ധര്‍മം മറക്കരുത്’ എന്നാണ് പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞത്. രണ്ട് പതിറ്റാണ്ടിനുശേഷം മണിപ്പൂരില്‍ അതേസാഹചര്യം ആവര്‍ത്തിക്കുകയാണ്. ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താന്‍ സാഹചര്യമൊരുക്കാന്‍ ബോധപൂര്‍വം അഴിച്ചുവിട്ട കലാപമാണ് മണിപ്പൂരിലേത്. കഴിഞ്ഞ തവണ 60 സീറ്റില്‍ 21 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. എംഎല്‍എമാരെ വിലയ്ക്കെടുത്താണ് ഭരണം പിടിച്ചതെന്നും തോമസ് ഐസക് ആരോപിച്ചു.

Leave a Reply

Your email address will not be published.