മഞ്ജു വാര്യര്‍-സൈജു ശ്രീധരന്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ നിര്‍മല്‍

Spread the love

പുതുതായി പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ ചിത്രം ഫുട്ടേജിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ നിര്‍മല്‍. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നിര്‍മല്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രതിഷേധമറിയിച്ചത്.

“മഞ്ജു വാര്യര്‍, സൈജു ശ്രീധരന്‍, കൂടാതെ ‘ഫുട്ടേജ്’ എന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരോടും എല്ലാ മാധ്യമ സുഹൃത്തുക്കളോടും കൂടെ പറയട്ടെ.. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഫൗണ്ട് ഫുട്ടേജ് ചിത്രം (വഴിയെ) ഞങ്ങള്‍ ചെയ്തു. നിങ്ങള്‍ക്ക് വേണമെങ്കില്‍ #ഫൂട്ടേജ് എന്ന ചിത്രത്തെ മലയാളത്തിലെ രണ്ടാമത്തെ ഫൗണ്ട് ഫുട്ടേജ് ചിത്രമെന്ന് പറയാം. മുഴുവന്‍ ടീമംഗങ്ങള്‍ക്കും ആശംസകള്‍..” എന്നാണ് നിര്‍മല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

നിര്‍മല്‍ സംവിധാനം ചെയ്ത് 2022 ല്‍ പുറത്തിറങ്ങിയ ‘വഴിയെ’യാണ് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സ് സംഗീത സംവിധാനം കൈകാര്യം ചെയ്ത ‘വഴിയെ’യില്‍ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ശ്യാം സലാഷ്, ജോജിന്‍ ടോമി, ശാലിനി ബേബി, സാനിയ പൗലോസ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയായ വഴിയെ 2022 ലെ ടൊറന്റോ ഇന്‍ഡി ഹൊറര്‍ ഫെസ്റ്റിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ജൂണ്‍ 11 ന് അമേരിക്കന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമയിലൂടെ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോ, ടുബി, പ്ലെക്സ് എന്നീ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും സ്ട്രീം ചെയ്യുന്നുണ്ട്.

നിര്‍മല്‍ മുമ്ബ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യൂമെന്ററി രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. ലോകപ്രശസ്‌ത സിനിമാതാരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം. നിര്‍മലിന്റെ സംവിധാനത്തില്‍ അടുത്തതായി പുറത്തിറങ്ങാനുള്ള ‘ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്‌സ്’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published.