മഅ്ദനി അന്‍വാര്‍ശേരിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു

Spread the love

ഒടുവില്‍ പിഡിപി നേതാവ് അബുദുള്‍ നാസര്‍ മഅ്ദനി പിതാവിനെ സന്ദര്‍ശിച്ചു. ക‍ഴിഞ്ഞ ദിവസം ഉച്ചയോടെ ബെംഗളൂരുവില്‍നിന്നു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ മഅ്ദനി ഐസിയു ആംബുലന്‍സിലാണ് വീട്ടിലെത്തിയത്.

കേരളത്തില്‍ എത്താന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  കോടതിയില്‍ നിന്നുള്ള നീതിയുടെ വെളിച്ചം വലിയ ആശ്വാസമാണ്‌ നല്‍കുന്നത്‌. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ  ചെലവ‍ഴിക്കും. വൈകാതെ തന്നെ കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു കടക്കുമെന്നും മഅ്ദനി പറഞ്ഞു.നീതിന്യായ സംവിധാനത്തിന്‍റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅ്ദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ വീണ്ടും നാട്ടിലെത്താന്‍ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും മഅ്ദനി പറഞ്ഞു.  ഭാര്യ സൂഫിയ, മക്കള്‍, സഹായികള്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.