ഭായിമാര്‍ കൂട്ടത്തോടെ കേരളം വിടുന്നു, തൊഴിലുടമകള്‍ ആശങ്കയില്‍

Spread the love

കോട്ടയം: കടുത്ത ചൂടും, പെരുന്നാളും, തിരഞ്ഞെടുപ്പും. ഭായിമാർ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയതോടെ നിർമ്മാണ മേഖല സ്തംഭവനാവസ്ഥയിലായി.

എന്തിന് തോട്ടങ്ങളിലും ഫാമുകളിലും കോഴിക്കടകളിലും പോലും ഭായിമാരില്ല. ചൂട് കൂടിയത് മുതല്‍ തുറസായ സ്ഥലങ്ങളില്‍ പണിയെടുക്കാൻ അന്യസംസ്ഥാനക്കാർ മടിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിർമ്മാണ മേഖലയില്‍ ജോലി ചെയ്യാൻ ആളില്ലാതായതോടെ വീട് നിർമ്മാണമടക്കം പാതിവഴിയില്‍ മുടങ്ങി. ജാർഖണ്ഡ് സ്വദേശികള്‍ മടങ്ങിയത് ഫാമുകളേയും ബാധിച്ചു. മലയോരത്ത് കുടംബത്തോടെ താമസിച്ച്‌ വീടുപണികള്‍ ചെയ്യുന്നത് ഉത്താരഖണ്ഡ്, ജാർഖണ്ഡ് സ്വദേശികളാണ്. ഞായറാഴ്ചകളില്‍ കോട്ടയം ഭായിത്തെരുവാകുന്നതാണ് പതിവെങ്കിലും ഇക്കുറി കാര്യമായ ബഹളമില്ലായിരുന്നു. അസം, ഒഡീഷ, ബംഗാള്‍, ബിഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ജില്ലയില്‍ ഏറ്റവും കൂടുതലുള്ളത്. ഒരു മാസം കഴിഞ്ഞായിരിക്കും പലരും തിരിച്ച്‌ വരിക.

പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്ക

പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ മിക്ക തൊഴിലാളികളും ഇക്കുറി വോട്ട് ചെയ്യാൻ പോകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദവും പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. വോട്ട് ചെയ്തില്ലെങ്കില്‍ പൗരത്വം നഷ്ടമാകുമെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. അതിനാല്‍ ഇതുവരെ തിരഞ്ഞെടുപ്പു കാലത്ത് പോകാതിരുന്നവർ വരെ ഇക്കുറി നാട്ടിലേക്കു പോകുന്നുണ്ട്.

കിട്ടാനില്ല തൊഴിലാളികളെ
ജില്ലയില്‍ പായിപ്പാടാണ് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്നത്. നിർമ്മാണ മേഖലയിലും, ഹോട്ടല്‍ മേഖലയിലുമാണ് കൂടുതല്‍ തൊഴിലാളികലും പണിയെടുക്കുന്നത്. ഹോട്ടലുകളില്‍ സപ്ലൈയും പാചകവും വരെ ഇവരാണ്. 60 – 70 % തൊഴിലാളികള്‍ ഈ മാസം പകുതിയോടെ നാട്ടിലേക്കു പോകും. കൂടുതല്‍ ശമ്ബളം കൊടുത്താലും മലയാളികളെ കിട്ടാനില്ലാത്തതിനാല്‍ തൊഴിലാളി ക്ഷാമം എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് തൊഴിലുടമകള്‍.

Leave a Reply

Your email address will not be published.