
ഒരു സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങി 80 ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കിനില്‍ക്കുക മാത്രമാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ചെയ്തതെന്ന വികാരം രാജ്യത്തുടനീളം പ്രതിഫലിക്കുകയാണ്. എന്‍ ഡിഎയിലെ സഖ്യകക്ഷികളിലും ഇതേ വികാരം ശക്തിപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യം മുന്നണിക്കുള്ളില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
എന്നാൽ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്. ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂർ കലാപം ബാധിച്ചു എന്നുള്ള വിലയിരുത്തലുകള്‍ ബിജെപി യിലും ഉണ്ട്.അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നയാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കി. കലാപത്തിൽ സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി ഉണ്ടെന്ന് ബിജെപി കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയുടെ സാഹചര്യത്തിലാണ് എംഎൽഎ മാരുടെ പ്രസ്താവന.
