ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

Spread the love

ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് സൈനിക മേധാവികളുമായി സംസാരിക്കുകയും ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാന്‍ സായുധ സേനയുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു.

എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര ബിപോർജോയ് ചുഴലിക്കാറ്റ് നാശമുണ്ടാക്കാൻ സാധ്യതയുള്ള അതിതീവ്ര ചുഴലിക്കാറ്റാണെന്ന് വ്യക്തമാക്കുകയുണ്ടായി. പോർബന്തർ, ദ്വാരക ജില്ലകളിൽ അതിശക്തമായ കാറ്റും,മഴയും ഉണ്ടാവുമെന്നും കച്ചിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലും മഹാരാഷ്ട്രയിലും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ആകെ 33 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ആകെ 18 എന്‍ഡിആര്‍എഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്, കച്ച് ജില്ലയില്‍ നാല് എന്‍ഡിആര്‍എഫ് ടീമുകളും രാജ്കോട്ടിലും ദേവഭൂമി ദ്വാരകയിലും മൂന്ന് വീതവും ജാംനഗറില്‍ രണ്ട് വീതവും പോര്‍ബന്തര്‍, ജുനഗര്‍, ഗിര്‍ സോമനാഥ്, മോര്‍ബി, വല്‍സാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും വിന്യസിച്ചിട്ടുണ്ട്. റോഡ് ക്ലിയറൻസിനായി 50 ടീമുകൾ തയ്യാറാണ്.20,000-ത്തിലധികം മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ച് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കച്ച് കളക്ടർ അമിത് അറോറ പറഞ്ഞു. അതേസമയം, കച്ച്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്.അടുത്ത 24 മണിക്കൂറിനുള്ളില്‍ സൗരാഷ്ട്രയിലും കച്ചിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.