ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം ശില്‍പശാല തൃശൂരില്‍ ആരംഭിച്ചു

Spread the love

ബാങ്ക് ജീവനക്കാരുടെ മാസികയായ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല തൃശൂര്‍ കിലയില്‍ കൈരളി ചാനല്‍ ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്സ് ഡയറക്ടര്‍ ഡോ.എന്‍.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ വസ്തുതകള്‍ക്ക് വികാരങ്ങളെക്കാളും വിശ്വാസങ്ങളെക്കാളും കുറഞ്ഞ സ്വാധീനം മാത്രം ലഭ്യമാകുന്ന കാലമാണ് സത്യാനന്തരകാലം എന്ന നിര്‍വചനം അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ‘അറിവിന്റെ രാഷ്ട്രീയം’എന്ന വിഷയത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ.സി.പി.ചിത്രഭാനു സംസാരിച്ചു.

മാസികയുടെ ‘മുന്‍ ലക്കങ്ങളുടെ വിലയിരുത്തലും മെച്ചപ്പെടുത്തലും’ എന്ന വിഷയത്തില്‍ എ.സിയാവുദീന്‍ ക്ലാസ് നയിച്ചു. ദേശാഭിമാനി ജനറല്‍ ഡെസ്‌ക് എഡിറ്റര്‍ വി.ബി.പരമേശ്വരന്‍ ‘വര്‍ത്തമാനകാല ഇന്ത്യയും ബദല്‍ മാധ്യമങ്ങളും’ എന്ന വിഷയത്തിലും വരുണ്‍ രമേശ് ‘ഡിജിറ്റല്‍ മാഗസിനുകളും, സോഷ്യല്‍ മീഡിയയും എന്ന വിഷയത്തിലും സെഷനുകള്‍ നയിച്ചു.

ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍, സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് സജി ഒ വര്‍ഗീസ്, ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എന്‍.സുരേഷ്, ബെഫി ജനറല്‍ കൗണ്‍സില്‍ അംഗം കെ.കൃഷ്ണമൂര്‍ത്തി എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസമായ ഞായറാഴ്ച ‘വിവര വിനിമയവും, ഭാഷയുടെ സൂക്ഷ്മതലങ്ങളും’ എന്ന വിഷയത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജ് റിട്ടയേര്‍ഡ് പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍ സംസാരിക്കും.

Leave a Reply

Your email address will not be published.