പ്രിയങ്ക, DK, തങ്ങള്‍, പിണറായി, യെച്ചൂരി, കുമ്മനം, രാജ്നാഥ് സിങ്: നേതാക്കള്‍ ഒഴുകും; വടകരപ്പോര് കടുക്കും

Spread the love

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും വടകരയിലെ രാഷ്ട്രീയച്ചൂട് ഏറി വരികയാണ്. സ്ഥാനാർഥികളും പ്രാദേശിക നേതാക്കളുമെല്ലാം കളം നിറഞ്ഞ പ്രചാരണ രംഗത്തേക്ക് ഇനി എത്തുന്നത് ദേശീയനേതാക്കളാണ്.

മൂന്ന് മുന്നണികളും തങ്ങളുടെ ഉന്നത നേതാക്കളെ വടകരയിലേക്ക് പ്രചാരണത്തിനായി കൊണ്ടുവരുന്നുണ്ട്. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന വടകരയില്‍ ഇതുവരെയുള്ള മുന്നണികളുടെ പ്രചാരണം എങ്ങനെയാണെന്നും ദേശീയനേതാക്കള്‍ എത്തുന്നതിന്റെ വിവരങ്ങളും നോക്കാം.

കരുത്തോടെ യു.ഡി.എഫ്.

പ്രചാരണം തുടങ്ങിയത് വൈകിയാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടുതന്നെ കരുത്തറിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വടകരയില്‍ യു.ഡി.എഫ്. വിശ്വാസം. മാർച്ച്‌ 10-നാണ് ഷാഫി പറമ്ബില്‍ വടകരയില്‍ യു.ഡി.എഫ്. സ്ഥാനാർഥിയായി വന്നത്. എന്നാല്‍ മാർച്ച്‌ 31-നുള്ളില്‍ത്തന്നെ പ്രചാരണത്തില്‍ ഏറെ മുന്നേറാനായിട്ടുണ്ടെന്ന് യു.ഡി.എഫ്. വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

ബൂത്ത് തലങ്ങളില്‍വരെ പ്രവർത്തനം സജീവമായി. ഒട്ടേറെ റോഡ് ഷോകള്‍ നടത്തി. തുടക്കത്തില്‍ രണ്ടുതവണ വിവിധ നിയോജകമണ്ഡലങ്ങളില്‍ സന്ദർശനം നടത്തി. ഒന്നാംഘട്ട മണ്ഡലപര്യടനം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. കുടുംബസംഗമങ്ങളും പുരോഗമിക്കുന്നു. ഗൃഹസന്ദർശനം, ഈസ്റ്റർ, ഈദ്, വിഷു ആശംസാ കാർഡ് വിതരണം എന്നിവയും നടന്നു. രാഷ്ട്രീയത്തിന് അപ്പുറത്ത് സ്ഥാനാർഥിയെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ജനവിഭാഗം വടകരയിലുണ്ടെന്ന് ഇതുവരെയുള്ള പ്രചാരണത്തില്‍നിന്ന് മനസ്സിലായതായി പാറക്കല്‍ അബ്ദുള്ള വ്യക്തമാക്കി.

കുതിപ്പുമായി എല്‍.ഡി.എഫ്.

വടകരയില്‍ ഏറ്റുവുമാദ്യം പ്രചാരണം തുടങ്ങിയത് എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയാണ്. സ്ഥാനാർഥി പ്രഖ്യാപനംവന്ന 27-നുതന്നെ ശൈലജ പ്രചാരണം തുടങ്ങി. അന്നുമുതല്‍ പ്രചാരണത്തില്‍ വ്യക്തമായ മുൻതൂക്കം എല്‍.ഡി.എഫിനുണ്ട്. ഒരിക്കല്‍പ്പോലും പ്രചാരണത്തില്‍ എല്‍.ഡി.എഫ്. പിന്നോട്ടുപോയിട്ടില്ലെന്ന് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു.

ആദ്യഘട്ടത്തില്‍ മൂന്നുതവണ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ സന്ദർശനംനടത്തി. മണ്ഡലപര്യടനം രണ്ടാംഘട്ടവും പൂർത്തിയായി. മൂന്നാംഘട്ടം 15-ന് തുടങ്ങി 21-ന് അവസാനിക്കും. 141 മേഖലകളിലും 1186 ബൂത്തുകളിലും കണ്‍വെൻഷൻ നടത്തി. ബൂത്തുകളില്‍ സ്ക്വാഡ് പ്രവർത്തനം ശക്തമായി നടക്കുന്നു. ആശംസാകാർഡുകളും ലഘുലേഖകളും എല്ലാ വീടുകളിലും എത്തിച്ചു. യൂത്ത് അസംബ്ലി, വനിതകളുടെ മഹാറാലി, ഡി.ജെ. റാലികള്‍ എന്നിവയും നടത്തി. എല്ലാ പരിപാടികളിലും ശൈലജയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രവർത്തനമാണ് എല്‍.ഡി.എഫ്. കാഴ്ചവെക്കുന്നതെന്നും എം.കെ. ഭാസ്കരൻ ചൂണ്ടിക്കാട്ടി.

ആവേശത്തോടെ എൻ.ഡി.എ.

എൻ.ഡി.എ. സ്ഥാനാർഥി സി.ആർ. പ്രഫുല്‍കൃഷ്ണൻ ഇപ്പോള്‍ ആദ്യഘട്ട മണ്ഡലപര്യടനത്തിലാണ്. നേരത്തേ രണ്ടുതവണ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. ഒരിക്കല്‍കൂടി മണ്ഡലപര്യടനം നടത്തും. ഇതിനകം മൂന്നുതവണ ലഘുലേഖകള്‍ വിതരണംചെയ്തു. മൂന്ന് ആശംസാകാർഡുകള്‍ വീതം വീടുകളിലെത്തിച്ചു. വളരെ ചിട്ടയായ പ്രവർത്തനമാണ് എൻ.ഡി.എ. നടത്തുന്നതെന്നും അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നും വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി ഇൻ-ചാർജ് കെ.പി. ശ്രീശൻ പറഞ്ഞു. വികസനരാഷ്ട്രീയം ചർച്ചചെയ്യണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതാണ് എൻ.ഡി.എ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വരുന്നു പ്രിയങ്ക, ഡി.കെ…

വിഷു കഴിയുന്നതോടെ ദേശീയനേതാക്കള്‍ യു.ഡി.എഫ്. പ്രചാരണത്തിനായി വടകരയിലെത്തും. കർണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ 16-ന് നാദാപുരത്ത് പ്രസംഗിക്കും. 20-നുള്ളില്‍ പ്രിയങ്കാ ഗാന്ധിയും എത്തുമെന്നാണ് നേതൃത്വത്തിന് ലഭിച്ച വിവരം. ഒപ്പം പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളും വിവിധ പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാർഥിയുടെ മണ്ഡലപര്യടനം തുടരും. വിവിധ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കും. യുവജനസംഗമമാണ് മറ്റൊരു പ്രധാന പരിപാടി.

പിണറായി, യെച്ചൂരി, കാരാട്ട്…

ഇനിയുള്ള ദിവസങ്ങളില്‍ എല്‍.ഡി.എഫിനുവേണ്ടി ഒട്ടേറെ നേതാക്കള്‍ വടകരയിലെത്തുന്നുണ്ട്. 17-ന് സീതാറാം യെച്ചൂരി മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. 20-ന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ, ആർ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ എന്നിവർ പുറമേരിയില്‍ പ്രസംഗിക്കും. അന്നുതന്നെ വൈകീട്ട് പാനൂരിലെ പൊതുപരിപാടിയിലും ഇവർ പങ്കെടുക്കും. 12-ന് എല്‍.ഡി.എഫ്. റാലി ഓർക്കാട്ടേരിയില്‍ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവരും വടകരയിലെത്തും.

രാജ്നാഥ് സിങ് 18-ന്

എൻ.ഡി.എ. പ്രചാരണത്തിനായി വടകരയില്‍ പ്രധാനമായും എത്തുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ്. 18-ന് വടകരയില്‍ എത്തുമെന്നാണ് വിവരം. അല്‍ഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കളും വടകരയില്‍ പ്രചാരണത്തിനെത്തും

Leave a Reply

Your email address will not be published.