പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മന:പൂര്‍വ്വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേമം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളയാണി തിരുമംഗലം ലെയ്‌നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പൂന്തുറ സ്വദേശി ഷമീറയും(36) നവജാതശിശുവുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ തന്നെ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് നിര്‍ബന്ധിക്കുകയായിരുന്നു. പ്രസവ വേദനയെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാകുകയും ഷമീഹ ബോധരഹിതയാകുകയുമായിരുന്നു. ശേഷം നയാസ് ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും നേരത്തെതന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഷമീറയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ. ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്. സംഭവസമയം മുന്‍ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹത ഉള്ളതായും നാട്ടുകാര്‍ ആരോപിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് വീട് സീല്‍ ചെയ്തിട്ടുണ്ട്. അക്യൂപങ്ചര്‍ ചികിത്സയ്ക്കായി യുവതി വിധേയായിരുന്നുവെന്ന് പോലീസിന് വിവരം ലഭ്യമായിട്ടുണ്ട്. നയാസിനെ നേമം പോലീസ് ചോദ്യം ചെയ്ത് വരികയാണ്

Leave a Reply

Your email address will not be published.