യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. യുഡിഎഫില്‍ മുസ്ലിം ലീഗ് – കോണ്‍ഗ്രസ് ഭിന്നത തുടരുന്നതിനിടയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കില്ല. ദില്ലിയിലുള്ള ചെന്നിത്തല പ്രതിഷേധ സൂചകമായിട്ടാണ് വിട്ടു നില്‍ക്കുന്നത്. മുതിര്‍ന്ന നേതാക്കളോടുള്ള അതൃപ്തിയാണ് അദ്ദേഹം യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം. നേതൃയോഗങ്ങള്‍ മുന്‍പ് മുതിര്‍ന്ന നേതാക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതിലും ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. ഇതും യോഗത്തില്‍ ചര്‍ച്ചയായേക്കും.
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെയാണ് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിഷയത്തില്‍ പരസ്യ നിലപാട് പ്രഖ്യാപിച്ചത് ലീഗിന് അസംതൃപ്തിയുണ്ട്. ഇക്കാര്യം ലീഗ് ഇന്ന് ചേരുന്ന യോഗത്തില്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബഫര്‍സോണ്‍ വിഷയത്തില്‍ കെ റെയിലിന് സമാനമായുള്ള സമരപരിപാടികള്‍ ഉണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഒപ്പം നിര്‍ത്തി പരിപാടികള്‍ എങ്ങനെ നടത്തണമെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിവിധ വിഷയങ്ങളില്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാകും യോഗത്തില്‍ ഉയരുക.