പൊന്നമ്പലമേട്ടിലെ പൂജ; മതവിശ്വാസത്തെ അവഹേളിച്ചെന്ന് എഫ്ഐആര്‍

Spread the love

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്പലമേട് കരുതുന്നത്. മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. അതുകൊണ്ടുതന്നെ, പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കർശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാർ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂർവ്വം പ്രവർത്തിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Leave a Reply

Your email address will not be published.