പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്; കെ കെ രാഗേഷ്

Spread the love

പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്ന് മുന്‍ എം പി കെ കെ രാഗേഷ്. കേരളത്തിന്റെ അഭിമാനവും സംസ്ഥാന പൊതുമേഖലാ സ്ഥാപനവുമായ ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെഎംഎംഎല്‍) വിജയഗാഥ ഇതാണ് സൂചിപ്പിക്കുന്നതെന്നും കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പൊതുസ്ഥിതിയാണ് രാജ്യത്താകെയെങ്കില്‍ അതിനു വിപരീതമായി പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാരിന് വ്യക്തമായ നയവും പദ്ധതിയുമാണുള്ളത്. കേരളത്തിന്റെ അഭിമാനവും സംസ്ഥാന പൊതുമേഖലാ സ്ഥാപനവുമായ ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെഎംഎംഎല്‍) വിജയഗാഥ ഇതാണ് സൂചിപ്പിക്കുന്നത്.

കെഎംഎംഎല്‍ ഇക്കുറി നേടിയത് റെക്കോര്‍ഡ് വരുമാനമാണ്. 2022-23 സാമ്പത്തിക വര്‍ഷം കെഎംഎംഎല്‍ കൈവരിച്ചത് 103.58 കോടി രൂപയുടെ ലാഭമാണ്. ഇതിനുപുറമേ 896.4 കോടിയുടെ വിറ്റുവരവാണ് നേടിയത്. കെഎംഎംഎല്ലിലെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് കൈവരിച്ചത് 89 കോടി രൂപയുടെ ലാഭമാണ്. കഴിഞ്ഞ വര്‍ഷത്തെ ലാഭം 17.6 കോടിയായിരുന്ന ഇടത്താണ് മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഇക്കുറി 89 കോടി ലാഭം കൊയ്തത്. ഇത് മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്. ഇതോടൊപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും റെക്കോര്‍ഡ് നേട്ടമാണ് കെഎംഎംഎല്‍ കൈവരിച്ചത്. 8855 ടണ്‍ സില്ലിമനൈറ്റാണ് കെഎംഎംഎല്ലില്‍ ഉല്‍പാദിപ്പിച്ചത്. 8230 ടണ്‍ സില്ലിമനൈറ്റിന്റെ വിപണനവും നടത്തുകയുണ്ടായി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2019 ല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണത്തിനുപുറമെ ‘ഫ്രോത്ത് ഫ്ളോട്ടേഷന്‍’ നടപ്പാക്കിയതും അത്യാധുനിക സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്തതും കെഎംഎംഎല്‍ മികച്ച നേട്ടം കൈവരിക്കുന്നതിന് കാരണമായി. ഇതുകൂടാതെ തോട്ടപ്പള്ളിയില്‍ നിന്ന് ആവശ്യമായ കരിമണല്‍ എത്തിച്ച് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം പരിഹരിച്ചതും കെഎംഎംഎല്ലിന്റെ വിജയക്കുതിപ്പിന് സഹായിച്ചു. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇടപെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള അംഗീകരമാണ് കെഎംഎംഎല്ലിന്റെ ഈ ചരിത്ര നേട്ടം.

Leave a Reply

Your email address will not be published.