‘പുല്‍വാമ ഭീകരാക്രമണവീഴ്ച പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായി’; മോദിക്കെതിരെ മുന്‍ കശ്മീര്‍ ഗവര്‍ണര്‍.

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയാണെന്ന് സത്യപാല്‍ മാലിക് പറയുന്നു. ഇത് പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഇതിനെ ഉപയോഗിച്ചുവെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കശ്മീരിന്റെ ഗവര്‍ണര്‍.

പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയാണെന്ന ഗുരുതര ആരോപണമാണ് സത്യപാല്‍ മാലിക് ഉന്നയിക്കുന്നത്. ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടെന്നും എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. കശ്മീരിനെ കുറിച്ച് മോദിക്ക് ഒന്നും അറിയില്ലെന്നും രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്‌നമില്ലെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോറയില്‍ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ 49 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ദേശീയപാത 44 ല്‍ അവന്തിപുരയ്ക്കടുത്ത് സ്‌ഫോടന വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറി. ഉഗ്രസ്‌ഫോടനത്തില്‍ ബസ് ചിന്നിച്ചിതറി. നാല്‍പത്തിയൊന്‍പത് സൈനികര്‍ തല്‍ക്ഷണം മരിച്ചു.

Leave a Reply

Your email address will not be published.