പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്, കെ.കെ എബ്രഹാമിനെ അറസ്റ്റ് ചെയ്തു

Spread the love

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ.കെ എബ്രഹാം അറസ്റ്റില്‍. പൊലീസ് കസ്റ്റഡിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എബ്രഹാമിന്റെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പുല്‍പള്ളിയിലെ വീട്ടില്‍ നിന്നും കെ.കെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി രമാദേവിയും ഇന്നലെ അറസ്റ്റിലായിരുന്നു. വായ്പാ തട്ടിപ്പിന്റെ ഇരയായ ഡാനിയല്‍ -സാറാക്കുട്ടി ദമ്പതികള്‍ നല്‍കിയ പരാതിയിലായിരുന്നു ഇരുവരുടെയും അറസ്റ്റ്. മറ്റൊരു പരാതിക്കാരനായ കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു പൊലീസ് നടപടി. അതേസമയം കെ.കെ എബ്രഹാമിന്റെ ബെനാമി എന്ന് പരാതി ഉയര്‍ന്ന സജീവന്‍ കൊല്ലപ്പള്ളി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.

Leave a Reply

Your email address will not be published.