പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

Spread the love

ക്രിസ്തുമസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കല്‍ ഷൈന്‍ നിവാസില്‍ ശ്രയസ്, കണിയാപുരം മസ്താന്‍മുക്കില്‍ സാജിദ് എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ നിന്ന് പുലര്‍ച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കൊല്ലം ബീച്ചില്‍ രണ്ട് സംഭവങ്ങളിലായി അഞ്ചുപേര്‍ തിരയില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. തിരയില്‍പ്പെട്ട എഴുപതുകാരനാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ട് അപകടങ്ങളും. ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് തിരയില്‍പ്പെട്ട വൃദ്ധനെ വള്ളവുമായെത്തി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഇതേസമയം തന്നെ കുണ്ടറ പടപ്പക്കര സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ ബീച്ചിലെ സ്റ്റേജിന്റെ ഭാഗത്ത് തിരയില്‍പ്പെട്ടു. കൈ കോര്‍ത്ത് കാല് നനയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരയില്‍പ്പെട്ടവരെ സംഭവസ്ഥലത്തുണ്ടായിരുന്ന വ്യാപാരി ഷിബുവും വള്ളവുമായെത്തിയ മത്സ്യത്തൊഴിലാളികളും രക്ഷിച്ചു.

ക്രിസ്തുമസ് ദിനത്തില്‍ അമ്മയും മകളും തിരയില്‍പ്പെട്ടിരുന്നു. ഇവരെയും പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. അവധി ദിനമായതിനാല്‍ ആയിരക്കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്. അതീവ അപകട സാധ്യതയുള്ള ബീച്ചില്‍ സുരക്ഷയുറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെയും ലൈഫ് ഗാര്‍ഡുമാരെയും നിയമിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.