പുതിയ പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് തള്ളി ശശി തരൂര്‍. 

Spread the love

ചെങ്കോല്‍ പാരമ്പര്യത്തിന്റെ പ്രതീകമെന്നും ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടന്‍ കൈമാറിയെന്ന് പറയപ്പെടുന്ന ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ അനുകൂല പ്രതികരണവുമായി ശശി തരൂര്‍ എം.പി രംഗത്തെത്തുകയായിരുന്നു.

”പവിത്രമായ പരമാധികാരവും ധര്‍മ്മ ഭരണവും ഉള്‍ക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ ശരിയായി വാദിക്കുന്നു.ഭരണഘടന സ്വീകരിക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും അത് ദൈവിക അവകാശത്താല്‍ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദവും തെറ്റല്ല. എന്നാല്‍ ഈ ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്രുവിന് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ല. ചെങ്കോല്‍ അധികാരത്തിന്റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്സഭയില്‍ വയ്ക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഏതെങ്കിലും രാജാവിന് കീഴിലല്ലെന്നും ഇന്ത്യ ഉറപ്പിച്ചുപറയുകയാണ്.നമ്മുടെ വര്‍ത്തമാനകാല മൂല്യങ്ങള്‍ സ്ഥിരീകരിക്കാന്‍ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തില്‍ നിന്ന് സ്വീകരിക്കാം.” ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ചെങ്കോലിന്റെ ചരിത്രത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കോണ്‍ഗ്രസ് പാർട്ടി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംപിയായ തരൂരിന്റെ പരാമർശം.

ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറ്റം ചെയ്തതിന്റെ അടയാളമായി   ജവഹർലാൽ നെഹ്‌റുവിന് ‘ചെങ്കോല്‍’ കൈമാറുകയായിരുന്നു എന്നാണ് കേന്ദ്രത്തിന്‍റെ വാദം. എന്നാല്‍,  അന്നത്തെ മദ്രാസിലെ ഒരു മതസ്ഥാപനമാണ് നെഹ്‌റുവിന് ചെങ്കോൽ സമ്മാനിച്ചതെന്നും എന്നാൽ മൗണ്ട് ബാറ്റണും രാജാജിയും നെഹ്‌റുവും ഈ ചെങ്കോലിനെ ബ്രിട്ടീഷ് അധികാരം ഇന്ത്യയിലേക്കുള്ള കൈമാറ്റത്തിന്റെ പ്രതീകമായി വിശേഷിപ്പിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.