പുടിനുമായി സംസാരിച്ച് മോദി; യുദ്ധവും വാഗ്നർ ഗ്രൂപ്പ് ഭീഷണിയുമടക്കം ചർച്ചയിൽ

Spread the love

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ യുദ്ധവും വാഗ്നർ ഗ്രൂപ്പിൻറെ കലാപനീക്കവുമായിരുന്നു പ്രധാന ചർച്ചാവിഷയം. നാറ്റോ അംഗത്വം വൈകുന്നതിനെ ചൊല്ലി പാശ്ചാത്യസഖ്യവുമായി പിണക്കത്തിലാണ് യുക്രെയ്ൻ.യുക്രെയ്ൻ യുദ്ധം അടക്കം ചർച്ചയായ മോദി – പുടിൻ ഔദ്യോഗിക ടെലിഫോൺ സംഭാഷണത്തിൽ വാഗ്നർ ഗ്രൂപ്പ് ഉയർത്തിയ കലാപത്തിനെതിരെ റഷ്യക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് മോദി പുടിനെ അറിയിച്ചിട്ടുണ്ട്. ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ട പൊതു നിലപാടുകളെ സംബന്ധിച്ചും ഫോൺ സംഭാഷണത്തിൽ ചർച്ചയായി. മോദി പ്രിയപ്പെട്ട സുഹൃത്താണെന്നും മേക്ക് ഇൻ ഇന്ത്യ മാതൃകയാക്കാവുന്ന പദ്ധതിയാണെന്നും പുടിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പക്ഷേ നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു ശേഷം ആദ്യമായി പുടിനുമായി നടത്തിയ ഔദ്യോഗിക ടെലിഫോൺ സംഭാഷണത്തിൽ മറ്റ് എന്തൊക്കെ കാര്യങ്ങൾ ചർച്ചയായെന്ന കാര്യം വ്യക്തമല്ല.അതേസമയം, തങ്ങളുടെ അംഗത്വം ചർച്ച ചെയ്യാതെ അടുത്തമാസം നടക്കേണ്ട നാറ്റോ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് യുക്രെയ്ൻ്റെ പ്രതികരണം. നേരത്തെത്തന്നെ ഇത് സംബന്ധിച്ചുള്ള യുക്രെയ്ൻ്റെ അപേക്ഷ നാറ്റോയുടെ പരിഗണനയിലാണ്. പക്ഷേ അംഗത്വത്തിലേക്ക് വളരാൻ മാത്രം നാറ്റോ നേതൃത്വത്തിന് ധൈര്യം വേണമെന്ന് പറഞ്ഞ് പിണക്കത്തിലാണ് യുക്രെയ്ൻ. അമേരിക്കയോ ബ്രിട്ടനോ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോ യുക്രെയ്നിൽ സ്വന്തം സൈന്യത്തെ നിയോഗിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ആയുധം നൽകി യുദ്ധത്തിന് കൊഴുപ്പുകൂട്ടുക മാത്രമാണ് അമേരിക്കൻ ലക്ഷ്യം. പക്ഷേ, യുദ്ധം അവസാനിക്കുന്നത് വരെ യുക്രെയ്നിൽ തെരഞ്ഞെടുപ്പ് വേണ്ട എന്ന കീവിൻ്റെ തീരുമാനം അമേരിക്കയും അംഗീകരിച്ചിട്ടുണ്ട്. പട്ടാളനിയമത്തെ ജനാധിപത്യമാക്കാൻ അമേരിക്കക്ക് മാത്രമേ കഴിയൂ എന്നാണ് റഷ്യൻ പരിഹാസം.

Leave a Reply

Your email address will not be published.