പുക പടലത്തില്‍ വലഞ്ഞ് ന്യൂയോര്‍ക്ക് നഗരം

Spread the love

വടക്കേ അമേരിക്കയിലെ 10 കോടി മനുഷ്യജീവിതങ്ങളെ പുകയില്‍ മൂടി കനേഡിയന്‍ കാട്ടുതീ. യുഎസും ക്യാനഡയും നടത്തുന്ന സംയുക്ത കെടുത്തല്‍ ശ്രമങ്ങള്‍ക്കിടയിലും 150 പ്രദേശങ്ങളില്‍ ഇപ്പോഴും തീ നിന്ന് കത്തുകയാണ്. 38 ലക്ഷം ഹെക്ടര്‍ കാട് കത്തി നശിച്ച കാട്ടുതീ ന്യൂയോര്‍ക്ക്, ഒട്ടാവ നഗരങ്ങളെയും വിഴുങ്ങിക്കഴിഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടോടെ ഓജ ബുഗുമുവിലെ ക്രീ എന്ന ആദിവാസി ഗോത്രവിഭാഗമാണ് മോണ്‍ട്രിയാല്‍ നഗരത്തിന് 750 കിലോമീറ്റര്‍ വടക്ക് കാട്ടുതീ പടരുന്നുണ്ടെന്ന് ആദ്യം ലോകത്തെ അറിയിച്ചത്. പിന്നീട് നോര്‍ത്തേണ്‍ ക്യൂബക്കിലെ 11,000 പേരടക്കം ഇരുപതിനായിരം മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിലയിരുത്തിയ തീ ഇപ്പോഴും 150 വനപ്രദേശങ്ങളില്‍ നിന്ന് കത്തുകയാണ്. ന്യൂ ജേഴ്‌സി നഗരത്തിന്റെ ഇരട്ടിയോളം വരുന്ന ഭൂവിഭാഗത്തെ കാട്ടുതീ പൂര്‍ണ്ണമായും കത്തിച്ച് നശിപ്പിച്ചിരിക്കുകയാണ്. 38 ലക്ഷം ഹെക്ടര്‍ വനം കത്തിത്തീര്‍ന്നുവെന്നാണ് നാഷണല്‍ ഫയര്‍ ഡാറ്റാബേസിന്റെ കണക്ക്.

ന്യൂയോര്‍ക്ക്, ഒട്ടാവ, പെന്‍സില്‍വാനിയ നഗരങ്ങളിലെ വായു ഗുണനിലവാരം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. വടക്കേ അമേരിക്കയിലാകെ പത്തുകോടി പേരെ ബാധിച്ച പുകപടലം കായിക മത്സരങ്ങള്‍ മുതല്‍ വിമാന സഞ്ചാരത്തെ വരെ തടസ്സപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ബേസ്‌ബോള്‍ മേജര്‍ ലീഗും ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകളും ബ്രൂക്ലിനിലെ സംഗീത പരിപാടികളും മുതല്‍ മന്‍ഹാട്ടനിലെ അംബരചുംബികള്‍ വരെ പുകയുടെ കെടുതിയിലാണ്. പരിപൂര്‍ണ്ണ സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രണ്ടുദിവസമായിട്ടും കാട്ടുതീയില്‍ നിന്ന് കരകയറാന്‍ ക്യാനഡയ്ക്കായിട്ടില്ല.

Leave a Reply

Your email address will not be published.