പി എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി; പുതിയ പെൻഷൻ പദ്ധതിയിൽ ചേരാൻ 4 മാസം സമയം

Spread the love

പി എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി. ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ 4 മാസം കൂടി സമയം അനുവദിച്ചു. 1.16 ശതമാനം തൊഴിലാളികൾ നല്കണമെന്ന നിർദേശവും റദ്ദാക്കി. 15000 രൂപ പരിധി റദ്ദാക്കി. കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു.2014 സെപ്റ്റംബർ 1ന് മുൻപ് വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കില്ല.

അതേസമയം, 15000 രൂപ പരിധി റദ്ദാക്കിയ ഉത്തരവ് 6 മാസത്തേക്ക് മരവിപ്പിച്ചു. പെൻഷൻ നൽകാനായി ഫണ്ട് കണ്ടെത്താനാണ് ആറ് മാസത്തെ സാവകാശം. പെൻഷൻ കണക്കാക്കുക 5 വർഷത്തെ ശരാശരിയിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്നവർക്കും 15,000 രൂപ പരിധി നിശ്ചയിച്ചാണ് നിലവിൽ പെൻഷൻ കണക്കാക്കുന്നത്.ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നൽകിയാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരും എന്നായിരുന്നു കേന്ദ്ര വാദം.

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.
എംപ്ലോയ്മെന്റ് പെൻഷൻ സ്കീമീൽ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം. പിഎഫിൽ നിന്ന് പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവർക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ അവസരം കിട്ടി. പെൻഷൻ പദ്ധതിയിൽ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെൻഷൻ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.