പിവിആര്‍ തര്‍ക്കം പരിഹരിച്ചു; ഇന്ന് മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Spread the love

കൊച്ചി: ചർച്ചകള്‍ക്കൊടുവില്‍ പിവിആർ തർക്കത്തിന് പരിഹാരമായി. ഇന്ന് മുതല്‍ പിവിആർ സിനിമാസില്‍ മലയാളം സിനിമകള്‍ പ്രദർശിപ്പിക്കും.

വ്യവസായി എം എ യൂസഫ് അലിയുടെ മാധ്യസ്ഥതയില്‍ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ വികാരം പിവിആർ ഉള്‍ക്കൊണ്ടുവെന്ന് ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. കൊച്ചി ഫോറം മാള്‍, കോഴിക്കോട് പിവി ആർ തിയേറ്ററുകളില്‍ തീരുമാനം പിന്നീടുണ്ടാകും.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രില്‍ 11ന് ബഹിഷ്കരിച്ചത്. പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്.

വൻതുക നല്‍കുന്നത് ഒഴിവാക്കാൻ നിർമാതാക്കള്‍ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇതോടെ മുടങ്ങിയിരുന്നു.

നിർമ്മാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്‌ഒ, ക്യൂബ് തുടങ്ങിയ കമ്ബനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്ബനികള്‍ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളില്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

പിവിആർ അടക്കമുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ഇന്ത്യ മുഴുവൻ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്‌ഒ തുടങ്ങിയ ഡിജിറ്റല്‍ സർവീസ് പ്രൊവൈഡർമാരെയാണ്. ഫോറം മാളില്‍ പിവിആർ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാൻ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

Leave a Reply

Your email address will not be published.