പാര്‍ട്ടി സമ്മര്‍ദ്ദമാകാം മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍; എ കെ ആന്റണിയുടെ മനസ് എപ്പോഴും അനില്‍ കെ ആന്റണിക്കൊപ്പം; രാജ്‌നാഥ് സിംഗ്

Spread the love

കോട്ടയം: പത്തനംതിട്ടയ്‌ക്ക് ലഭിച്ച ഊർജ്ജസ്വലനായ നേതാവാണ് അനില്‍ കെ ആന്റണിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

മുതിർന്ന നേതാവായ എ കെ ആന്റണിയോട് വളരെയധികം ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന അക്ഷരാർത്ഥത്തില്‍ തന്നെ ഞെട്ടിപ്പിച്ചെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.

” അനില്‍ കെ ആന്റണിയെ പോലെ ഊർജ്ജസ്വലനായ ഒരു നേതാവിനെയാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കാനാണ് ഇന്ന് ഞാൻ നിങ്ങള്‍ക്ക് മുമ്ബില്‍ നില്‍ക്കുന്നത്. അനില്‍ കെ. ആന്റണിയുടെ പിതാവായ എ കെ ആന്റണിയോട് എനിക്ക് വളരെ അധികം ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു പ്രസ്താവന എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി. സ്വന്തം മകനായ അനില്‍ കെ ആന്റണി പരാജയപ്പെടണമെന്നാണ് എ കെ ആന്റണിയുടെ ആഗ്രഹം. എകെ ആന്റണി രാജ്യത്തെ പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ആ സ്ഥാനത്തിരുന്നാണ് ഇന്ന് ഞാനും ചുമതല വഹിക്കുന്നത്. എകെ ആന്റണിയെ കുറിച്ച്‌ വളരെ നല്ലത് മാത്രമേ പറയാനുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

എ കെ ആന്റണി വളരെ ആദർശവാനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ സമ്മർദ്ദമായിരിക്കും പ്രസ്താവനയ്‌ക്ക് പിന്നിലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. അനില്‍ ആന്റണിയെ പിന്തുണയ്‌ക്കാനുള്ള ബുദ്ധിമുട്ട് എ കെ ആന്റണിക്കുണ്ടായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മനസ് എന്നും അനില്‍ കെ ആന്റണിക്കൊപ്പമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.