പശുവിനെ കെട്ടിപ്പിടിക്കൂ, രോഗം ഇല്ലാതാക്കൂ… വിചിത്ര വാദവുമായി ബിജെപി മന്ത്രി

Spread the love

പ്രണയ ദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാനുള്ള ദിവസമായി ആചരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തതിന് പിന്നാലെ വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്.

പശുവിന് അസുഖങ്ങള്‍ മാറ്റാനാകുമെന്നും പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്നും മന്ത്രി പറഞ്ഞു. പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. പശു നാടിന്റെ അമ്മയാണെന്നും ഭാഗ്യദേവതയാണെന്നും പറഞ്ഞ മന്ത്രി,  പ്രണയദിനം പശു ആലിംഗന ദിനമായി പ്രഖ്യാപിച്ച കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനെ അഭിനന്ദിച്ചു.

ഇതാദ്യമായല്ല ധരംപാല്‍ സിങ് ഇത്തരത്തില്‍ വിചിത്ര ആരോപണങ്ങളുന്നയിക്കുന്നത്. നേരത്തെ ചാണകത്തില്‍ ലക്ഷ്മീദേവി വസിക്കുന്നുവെന്ന് അവകാശപ്പെട്ട മന്ത്രി വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗോമൂത്രം അത്യുത്തമമാണെന്നും ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഗോമൂത്രം തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്‌നങ്ങളും മാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്നലെയാണ്, ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള ആഹ്വാനവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയത്.
പശുക്കളെ കെട്ടിപ്പിടിക്കുന്നത് ആളുകളില്‍ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും അതിനാല്‍ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നുമായിരുന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്ത പറഞ്ഞത്.

പശുവിനുള്ള  ഗുണങ്ങള്‍ പരിഗണിക്കുമ്പോള്‍, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരികപൂര്‍ണവും ഏവര്‍ക്കും സന്തോഷം നിറയ്ക്കുന്നതുമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്റെയും നട്ടെല്ലാണ് പശുക്കളെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.