പഴയതുപോലെയല്ല, യുകെയും കാനഡയും അടക്കമുള്ള ഏഴ് രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്നത് വമ്ബൻ മാറ്റങ്ങള്‍; ഇക്കാര്യമറിഞ്ഞില്ലെങ്കില്‍ യാത്ര വരെ മുടങ്ങിയേക്കാം

Spread the love

കാലം മാറുന്നതിനനുസരിച്ച്‌ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ജീവിതത്തിലും വിദ്യാഭ്യാസ രീതിയിലുമൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പണ്ടത്തെ കാലത്ത് ഡോക്ടറാകണം, എഞ്ചിനിയറാകണം, ടീച്ചറാകണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങളായിരുന്നു വിദ്യാർത്ഥികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അനിമേഷൻ അടക്കമുള്ള പഠന മേഖലകള്‍ വന്നു. വിദ്യഭ്യാസരംഗത്ത് അനന്തമായ സാദ്ധ്യതകളാണ് തുറന്നുകിടക്കുന്നത്. ലോകത്തെവിടെ വേണമെങ്കിലും പോയി പഠിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.

കാനഡയിലോ യുകെയിലോ ഒക്കെ പോയി പഠിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധിയാളുകളും നമ്മുടെ നാട്ടിലുണ്ട്. സാമ്ബത്തികമായി പിന്നോട്ട് നില്‍ക്കുന്നവർ പോലും ലക്ഷങ്ങള്‍ ലോണെടുത്തോ, വീട് പണയപ്പെടുത്തിയോ ഒക്കെ വിമാനം കയറും. സ്‌കോളർഷിപ്പോടെ പഠിക്കുന്നവരും ഉണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദേശരാജ്യങ്ങളില്‍ പോയി പഠിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. യു കെ, കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലാണ് ഇന്ത്യക്കാർ കൂടുതലായി പോകുന്നത്. ലക്ഷങ്ങള്‍ ചെലവാക്കിയിട്ടാണ് പോകുന്നതെങ്കിലും പാർട് ടൈം ജോലിയിലൂടെ അതെല്ലാം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നതാണ് വിദ്യാർത്ഥികളെ ഈ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യം.

ചില വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ ചിലപ്പോള്‍ തങ്ങളുടെ ആഗ്രഹം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നേക്കാം. സർവ്വകലാശാലകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ യുകെയും കാനഡയുമൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.

കാനഡ കഴിഞ്ഞ ഡിസംബറില്‍ ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐസി) തുക 6.15 ലക്ഷം രൂപയില്‍ നിന്ന് 12.7 ലക്ഷം രൂപയിലേക്ക് ഉയർത്തിയിരുന്നു. ജർമ്മനിയും ഓസ്‌ട്രേലിയയും ജിഐസി തുക 10% വർദ്ധിപ്പിച്ചിരുന്നു.

അമേരിക്ക

എഫ്, എം, ജെ സ്റ്റുഡന്റ് വിസ അപേക്ഷിക്കുന്നവർ തങ്ങളുടെ പ്രൊഫൈലില്‍ പാസ്‌പോർട്ടിലുള്ള ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തണം. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അപ്പോയിന്റ്‌മെന്റ് റദ്ദായേക്കുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി പറയുന്നത്.

കാനഡ

തട്ടിപ്പുകള്‍ തടയാൻ വേണ്ടി ഡെസിഗ്നേറ്റഡ് ആൻഡ് ലേണിംഗ് ഇൻസ്റ്റിറ്റിയൂട്ടുകള്‍ (DLI) ഓരോ അപേക്ഷകന്റെയും ‘ആക്സപ്പ്റ്റൻസ് ലെറ്റർ’ ഐആർസിസി (Immigration, Refugees and Citizenship Canada) മുഖേന സൂക്ഷ്മമായി പരിശോധിക്കണം.

വിദ്യാർത്ഥികളുടെ ബിരുദാനന്തര വർക്ക് പെർമിറ്റ് മാനദണ്ഡങ്ങളും കാനഡ പരിശോധിക്കും. മാത്രമല്ല, വിദ്യാർത്ഥികളുടെ കുറഞ്ഞ ജീവിതച്ചെലവ് ജനുവരി ഒന്ന് മുതല്‍ 10,000 ഡോളറില്‍ ( ആറ് ലക്ഷത്തിലധികം രൂപ) നിന്ന് 20,635 (12ലക്ഷത്തിലധികം രൂപ) വർദ്ധിപ്പിച്ചു.

യുകെ

യുകെ വിസ ആന്റ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഫീസില്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്നു. യുകെ വിസ ഫീസ് 363 പൗണ്ടില്‍ നിന്ന് 490 പൗണ്ടായി ഉയർന്നു. ഏകദേശം മുപ്പത്തിയഞ്ച് ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്.

ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് 264 പൗണ്ടില്‍ നിന്ന് 1035 പൗണ്ടായി. മാത്രമല്ല വിദ്യാർത്ഥികളുടെ ആശ്രതരെ കൊണ്ടുവരുന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും യു കെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ ടെസ്റ്റ് ഗ്രാജ്വേറ്റ് വിസ ലഭിക്കണമെങ്കില്‍ IELTS ല്‍ 6.5 എങ്കിലും നേടണം. നേരത്തെ ഇത് ആറ് പോയിന്റായിരുന്നു. സ്റ്റുഡന്റ് വിസയ്ക്കുള്ള സ്‌കോർ 5.5ല്‍ നിന്ന് 6.0 ആയും ഉയർത്തി.

ഫ്രാൻസ്

ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ അഞ്ച് വർഷത്തേക്ക് രാജ്യം നീട്ടി. മാസ്റ്റേഴ്‌സിനായി ഫ്രാൻസില്‍ സെമസ്റ്റർ പഠിച്ച അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്ക്, തൊഴില്‍ നേടാൻ “ഷെൻഗെൻ വിസ” യിലൂടെ അഞ്ച് വർഷം സമയം ലഭിക്കും.

അയർലാന്റ്

‘ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയില്‍ രണ്ട് വർഷം തുടരാം. പിഎച്ച്‌ഡി വിദ്യാർത്ഥികള്‍ക്ക് മൂന്ന് വർഷം വരെ രാജ്യത്ത് തുടരാം.

ഇറ്റലി

ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് ഒരു വർഷം കൂടി ഇറ്റലിയില്‍ തുടരാം. വിദ്യാർത്ഥികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനായി പോസ്റ്റ്സ്റ്റഡി ഇന്റേണ്‍ഷിപ്പുകള്‍, പാഠ്യേതര ഇന്റേണ്‍ഷിപ്പുകള്‍, പരിശീലനം എന്നിവയും രാജ്യം നല്‍കുന്നുണ്ട്.2022 ല്‍ ഏകദേശം 5,897 ഇന്ത്യൻ വിദ്യാർത്ഥികള്‍ പഠന വിസയില്‍ ഇറ്റലിയില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.