പട്ടം സ്‌കൂളില്‍ പഠിക്കാനെത്തി നൈജീരിയക്കാരൻ എറിക് കിച്ചു ഡ്യൂക്ക്

Spread the love

പട്ടം സ്‌കൂളില്‍ പഠിക്കാൻ നൈജീരിയയില്‍ നിന്നും ഒരു കുഞ്ഞ് അതിഥി എത്തി. അച്ഛന്റെ മാതൃഭാഷയായ മലയാളം അക്ഷരമാലയും വാക്കുകളും പഠിക്കണമെന്ന ആഗ്രഹവുമായി എറിക് കിച്ചു ഡ്യൂക്ക് എന്ന ആറു വയസ്സുകാരനാണ് പട്ടം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഇന്ന് സ്‌കൂള്‍ തുറക്കുമ്ബോള്‍ പുത്തനുടുപ്പും പുസ്തകവുമൊക്കെയായി പുതിയ കൂട്ടുകാരെ കാണാൻ പട്ടം മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് എറിക്. അച്ഛന്റെ നാട്ടില്‍ എത്തിയെങ്കിലും മലയാളം ഒട്ടുമറിയില്ല എറിക്കിന്. പ്രവേശനം നേടിയത് ഇംഗ്‌ളീഷ് മീഡിയത്തിലായതിനാല്‍ മകന് അധികം ബുദ്ധിമുട്ട് ഉണ്ടാകിലെന്ന പ്രതീക്ഷയിലാണ് അമ്മ റൂത്ത് ഇക്കിസോവി. എറിക് ജനിച്ചതും ഒരു വയസ്സുവരെ വളർന്നതും അമ്മയുടെ നാടായ നൈജീരിയയിലാണ്. നൈജീരിയയില്‍ എൻജിനിയറായ കേശവദാസപുരം പാറോട്ടുകോണം പുഷ്പഗിരിയില്‍ ഡ്യൂക്ക് റോമിയോയുടെ മകനാണ് എറിക്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട എറിക്കിന് ആവശ്യമായ പരിചരണം സ്‌കൂളില്‍നിന്ന് ലഭിക്കുമെന്നറിഞ്ഞാണ് ഈ സ്‌കൂള്‍ തിരഞ്ഞെടുത്തതെന്ന് റൂത്ത് പറയുന്നു. നാട്ടിലെത്തിയപ്പോള്‍ മകൻ ഭിന്നശേഷിക്കാരനാണെന്നു മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. നൈജീരിയയില്‍ ഇത്തരം കുട്ടികള്‍ക്കുള്ള പരിചരണസൗകര്യം കുറവായതിനാലാണ് അമ്മയും മകനും തിരുവനന്തപുരത്ത് തുടരാൻ തീരുമാനിച്ചത്. സാധാരണ കുട്ടികള്‍ക്കൊപ്പം മകനെ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പട്ടം സ്‌കൂളില്‍ ചേർത്തത്. ഒന്നാംക്ലാസ് മുതല്‍ സ്‌പെഷ്യല്‍ എജുക്കേറ്ററുടെ സേവനം ഇവിടെ ലഭിക്കും. ക്ലാസില്‍ മറ്റു കുട്ടികള്‍ക്കൊപ്പമാകും പഠനം. ശാരീരിക, ബൗദ്ധികവ്യായാമത്തിനായി പ്രത്യേക പരിശീലനവും ഇവർക്ക് ലഭ്യമാക്കുമെന്ന് പ്രഥമാധ്യാപിക ഡി.എല്‍.ജ്യോതി പറഞ്ഞു. അഞ്ചുവർഷമായി റൂത്തും എറിക്കും കേരളത്തിലെത്തിയിട്ട്. ഇന്ത്യൻ പൗരത്വം സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. എറിക്കിന്റെ ഇരട്ടസഹോദരങ്ങളായ ഇവാനും റയാനും ജനിച്ചത് തിരുവനന്തപുരത്താണ്. അതിനാല്‍ അവർക്ക് ഇന്ത്യൻ പൗരത്വമാണ്. ദി സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച്‌ ആൻഡ് എജുക്കഷൻ(കേഡർ) ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും എറിക് ശിക്ഷണംതേടി.

Leave a Reply

Your email address will not be published.