പഞ്ചാബിനെ വീഴ്ത്തി; പ്ലേഓഫ് സാധ്യതകള്‍ക്ക് പക്ഷേ രാജസ്ഥാന്‍ കാത്തിരിക്കണം

Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല. 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 18.5 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മാത്രമെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു.

സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‌ലറും മങ്ങിയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ രാജസ്ഥാന് നിര്‍ണായകമായത് ധുവ് ജുറലിന്റെ പ്രകടനമാണ്. ജുറല്‍ നാലു പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ധസെഞ്ചറിയുമായി യശസ്വി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും രാജസ്ഥാന് വേണ്ടി പൊരുതി. 30 പന്തില്‍ അഞ്ച് ഫേറും മൂന്ന് സിക്‌സും സഹിതം 51 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ അടിച്ചുകൂട്ടിയത്. 36 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം ജയ്‌സ്വാള്‍ അന്‍പത് റണ്‍സും സ്വന്തമാക്കി. മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം.
വെസ്റ്റിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(46 റണ്‍സ്), റയാന്‍ പരാഗ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. പരാഗ് 12 പന്തില്‍ ഒരു ഫോറും രണ്ടു പടുകൂറ്റന്‍ സിക്‌സറുകളും സഹിതം 20 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സെടുത്തത്. 31 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനായി നവ്ദീപ് സെയ്‌നി നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

മത്സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും, ഇനി മറ്റു ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍. രാജസ്ഥാനെതിരായ തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

Leave a Reply

Your email address will not be published.