നൂറു രൂപ വിലയുള്ള ഗുളിക; ക്യാൻസര്‍ ചികിത്സയില്‍ നിര്‍ണായക മുന്നേറ്റവുമായി ഇന്ത്യൻ ഗവേഷകര്‍

Spread the love

മുംബൈ | അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഇവരില്‍ പകുതിപേരും മരണത്തിന് കീഴടങ്ങുന്നു.

ക്യാൻസർ ചികിത്സിച്ചു മാറ്റിയാലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ആദ്യ ഘട്ടത്തില്‍ പൂർണമായും മാറിയെന്ന് കരുതുന്ന ക്യാൻസർ രോഗം രണ്ടാം ഘട്ടത്തില്‍ മരണത്തിലാകും കലാശിക്കുക. എന്നാല്‍, ഒരിക്കല്‍ ഭേദമായവരില്‍ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ – റേഡിയേഷന്റെ പാർശ്വഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ കാൻസർ ആശുപത്രിയായ, മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ക്യാൻസർ ചികിത്സയില്‍ നിർണായകമുന്നേറ്റമായി മാറുമെന്ന് കരുതുന്ന ടാബ്‍ലറ്റ് കണ്ടെത്തിയത്.

ഇന്ത്യയില്‍ വർധിച്ചുവരുന്ന കാൻസർ കേസുകള്‍ കണക്കിലെടുത്ത്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മനുഷ്യ ക്യാൻസർ കോശങ്ങള്‍ എലികളില്‍ ചേർത്ത് നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ ഗുണഫലം ഗവേഷകർ കണ്ടെത്തിയത്.

കാൻസർ കോശങ്ങള്‍ നശിക്കുമ്ബോള്‍ അവ വളരെ ചെറിയ കഷണങ്ങളായി വിഘടിക്കുകയാണ് ചെയ്യുന്നത്. ഈ കഷണങ്ങളെ ക്രോമാറ്റിൻ കണികകള്‍ എന്ന് വിളിക്കുന്നു. ക്രോമാറ്റിൻ കണികകള്‍ക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളില്‍ പ്രവേശിച്ച്‌ അവയെക്യാൻസർ കോശങ്ങളാക്കി മാറ്റാനും കഴിയും. ഇതാണ് രോഗം ഭേദമായ ശേഷവും ക്യാൻസർ വരാൻ ഇടയാക്കുന്നത്.

മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രി

ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണമാണ് പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചത്. ഇതിനായി ഗവേഷകർ മനുഷ്യ ക്യാൻസർ കോശങ്ങള്‍ എലികളില്‍ ചേർക്കുകയും അതിനുശേഷം അവയില്‍ മുഴകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. തുടർന്ന് റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ അവയെ ചികിത്സിച്ചു. ശേഷം എലികള്‍ക്ക് റെസ്‌വെരാട്രോളും കോപ്പറും ചേർന്ന പ്രോ-ഓക്‌സിഡന്റ് ഗുളികകള്‍ നല്‍കി. ക്രോമാറ്റിൻ കണങ്ങളുടെ പ്രഭാവം തടയാൻ ഈ ഗുളികകള്‍ സഹായിച്ചതായി പരീക്ഷണത്തില്‍ തെളിഞ്ഞു. ഒരു ദശാബ്ദത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് അന്തിമ വിജയത്തില്‍ മെഡിക്കല്‍ ഗവേഷകർ എത്തിയത്.

ക്യാൻസർ ചികിത്സയില്‍ ഏറ്റവും ചെലവുകുറഞ്ഞ ചികിത്സയാകും ഈ ടാബ്‍ലറ്റ് വരുന്നതോടെ യാഥാർഥ്യമാകുക. നൂറ് രൂപക്ക് ഈ ടാബ്‍ലറ്റ് വിപണിയില്‍ എത്തിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ ടാബ്‍ലറ്റ് കഴിക്കുന്നതിലൂടെ തെറാപ്പിയുടെ പാർശ്വഫലങ്ങള്‍ 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാൻസർ വീണ്ടും വരാതിരിക്കാനുള്ള സാധ്യത ഏകദേശം 30% ആയും കുറയും.

നിലവില്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എഫ്‌എസ്‌എസ്‌എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ടാബ്‍ലറ്റ്. ജൂണ്‍-ജൂലൈ മാസത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

2022ല്‍ ഇന്ത്യയില്‍ 14,61,427 കാൻസർ കേസുകളാണ് കണക്കാക്കിയിരിക്കുന്നത്. 2018 മുതല്‍ 2022 വരെ 8,08,558 പേർ കാൻസർ ബാധിച്ച്‌ മരിച്ചു. സ്തനാർബുദം, വായയിലെ അർബുദം, ഗർഭപാത്ര അർബുദം, ശ്വാസകോശ അർബുദം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ലോകത്തെ ക്യാൻസർ രോഗികളില്‍ 20 ശതമാനവും ഇന്ത്യയിലാണ്.

Leave a Reply

Your email address will not be published.