നാണക്കേടിൻ്റെ റെക്കോർഡുമായി സൂര്യകുമാർ യാദവ്…

Spread the love

തുടർച്ചയായി മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ പുറത്തായി സൂര്യ കുമാർ യാദവ്. മലയാളി താരം സഞ്ജു സാംസണിന്റെയും സൂര്യകുമാറിന്റെയും ഏകദിന റെക്കോഡ് താരതമ്യം ചെയ്ത് വിവിധ കോണിൽ നിന്നും  വിമർശനം ഉയരുന്നതിനിടയിലാണ് മൂന്നാം മത്സരത്തിലും താരം ഗോൾഡൻ ഡക്കായിരിക്കുന്നത്. നാലാം നമ്പറുകാരനായി ഇറങ്ങിയിരുന്ന സൂര്യകുമാറിനെ ഇത്തവണ ഏഴാം നമ്പറിൽ ഇറക്കിയിട്ടും രക്ഷയുണ്ടായില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്‍റെ ആദ്യ പന്തിലാണ് താരം പുറത്തായതെങ്കിൽ, ഇത്തവണ ആഷ്ടൺ അഗറിന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാകുകയായിരുന്നു.

ട്വന്റി20 ക്രിക്കറ്റിലൂടെ ഉദിച്ചുയർന്ന സൂര്യകുമാറിന്‍റെ ഏകദിന കരിയറിന് ഇതോടെ അവസാനിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. 9, 8, 4, 34, 6, 4, 31, 14, 0, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ 11 മത്സരങ്ങളിൽ സൂര്യയുടെ സ്കോർ.

ഏകദിനത്തിൽ സൂര്യകുമാറിനേക്കാൾ മികച്ച റെക്കോർഡുള്ള സഞ്ജു സാംസനെ  ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം  ഒരുവിഭാഗം ആരാധകർ ഉയർത്തുന്നതിനിടയിലാണ് താരം നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ചിരിക്കുന്നത്. മോശം ഫോമിൽ തുടരുന്ന സൂര്യകുമാർ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ  ഇടം പിടിക്കുന്ന കാര്യത്തിലും  ഇതോടെ സംശയത്തിലായിരിക്കുകയാണ്.

ലോക ഒന്നാം നമ്പർ ട്വന്‍റി20 ബാറ്റ്സ്മാൻ ആണെങ്കിലും ഏകദിനത്തിൽ സൂര്യകുമാർ യാദവ് തുടർച്ചയായി പരാജയപ്പെടുന്നതിൽ കോച്ച് രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്നാണ്  പറഞ്ഞത്. ട്വന്‍റി20 ക്രിക്കറ്റിൽ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടിയ ദ്രാവിഡ്  ഏകദിന ക്രിക്കറ്റ് അതിൽനിന്നും വ്യത്യസ്തമാണെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.