‘നാഡിപിടിച്ചു നോക്കിയപ്പോള്‍ ജീവന്റെ തുടിപ്പ്; മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ നെഞ്ച് തകര്‍ന്നു’; ആലപ്പുഴയില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപികമാര്‍

Spread the love

കാറിടിച്ച് റോഡില്‍ രക്തംവാര്‍ന്നു കിടന്ന യുവാവിനെ വാഹനത്തില്‍ കയറ്റുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപികമാര്‍. ഏറെ നേരം ശ്രമിച്ച ശേഷമാണ് വാഹനം ലഭിച്ചതെന്നും ജീവനുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനത്തില്‍ കയറ്റിയതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ കോടംതുരുത്ത് ഗവ. എല്‍.പി.എസിലെ പ്രീപ്രൈമറി അധ്യാപികമാരായ ജെസി തോമസും ധന്യയും പറയുന്നു.

ഇതിനിടെ സംഭവത്തിന് ദൃക്‌സാക്ഷിയായ അധ്യാപിക സ്വിന്‍സി ജെസിയോടും ധന്യയോടും വിവരം അറിയിച്ചു. ഉടന്‍തന്നെ ഇരുവരുമെത്തി നാഡിപിടിച്ചു നോക്കിയപ്പോള്‍ ധനീഷിനു ജീവനുണ്ടെന്ന് കണ്ടു. എത്രയുംവേഗം ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരും സഹായിച്ചില്ല. തുടര്‍ന്ന് ജെസിയും ധന്യയും ചേര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷ കൈകാണിച്ചു നിര്‍ത്തി ധനീഷിനെ അതില്‍ കയറ്റി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധനീഷിന്റെ മരണം സംഭവിച്ചിരുന്നു. വൈകീട്ട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ രക്ഷിതാക്കളില്‍ നിന്നാണ് അധ്യാപികമാര്‍ ധനീഷിന്റെ മരണവാര്‍ത്തയറിയുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് കോടംതുരുത്ത് ഗവ. എല്‍.പി.സ്‌കൂളിന് സമീപം അപകടമുണ്ടായത്. പാതയോരത്തുകൂടി ട്രോളിയും തള്ളിപ്പോകുകയായിരുന്ന മരംവെട്ടുതൊഴിലാളി, കോടംതുരുത്ത് സ്വദേശി ധനീഷ് (29), മറ്റൊരു കാല്‍നടയാത്രക്കാരനായ വല്ലേത്തോട് നികര്‍ത്തില്‍ രഘുവരന്റെ മകന്‍ രാഹുല്‍ (30) എന്നിവരെ നിയന്ത്രണംതെറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. മതിലിനു സമീപത്തേക്കു തെറിച്ചുവീണ ധനീഷിന് അനക്കമുണ്ടായിരുന്നില്ല. അപകട വിവരം അറിഞ്ഞ് ഓടിക്കൂടി നാട്ടുകാര്‍ രാഹുലിന് ബോധമുണ്ടെന്ന് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ധനീഷ് മരിച്ചെന്ന് കരുതി തുടര്‍നടപടിയുണ്ടായില്ല.

Leave a Reply

Your email address will not be published.