ദിവസങ്ങള്‍ക്കിടെ 2 മരണം, മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യ വകുപ്പ്

Spread the love

മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം ബാധിച്ച്‌ ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത് രണ്ടു പേര് മരിച്ച സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത് പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ ആണ്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിക്കുകയാണ്. പോത്തുകല്ലും എടക്കരയിലും കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തില്‍ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ജനങ്ങള്‍ ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ഡിഎംഒ നല്‍കിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, ജീവിതശൈലീ രോഗങ്ങള്‍ വർധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന ജനകീയ ക്യാംപയിൻ ‘നെല്ലിക്ക’ മാർച്ച്‌ ഒന്നു മുതല്‍ ആരംഭിക്കും. ക്യംപയിന്റെ ഉദ്ഘാടനം മാർച്ച്‌ ഒന്ന് രാവിലെ ഏഴ് മണിക്ക് കോട്ടക്കുന്നില്‍ ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിക്കും. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന കൃത്രിമ നിറങ്ങള്‍, അമിതമായ അളവിലുളള ഓയില്‍, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്ബയിൻ ആരംഭിക്കുന്നത്.

സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേർത്തു നിർത്തിക്കൊണ്ട് ഭക്ഷണ നിർമാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷൻ, ഐഎംഎ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ, കേറ്ററേഴ്‌സ് അസോസിയേഷൻ, ട്രോമാകെയർ, റസിഡന്റ്‌സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക.

Leave a Reply

Your email address will not be published.