തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി; യുക്രെയിനുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, തെളിവില്ലാതെ വിശ്വസിക്കില്ലെന്ന് കുടുംബം

Spread the love

മോസ്‌കോ: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി യുക്രെയിൻ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‌ഫാൻ (30) ആണ് മരിച്ചത്. റഷ്യയിലെ ഇന്ത്യൻ എംബസി അസ്‌ഫാന്റെ മരണം സ്ഥിരീകരിച്ചു.

ഉയർന്ന ശമ്ബളമുള്ള ജോലി നല്‍കാമെന്ന് പറഞ്ഞാണ് അസ്‌ഫാനെ 12പേർക്കൊപ്പം റഷ്യയിലെത്തിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അസ്‌ഫാൻ ഉള്‍പ്പെടെയുള്ളവർ മോസ്‌കോയിലെത്തിയത്. അവിടെ എത്തിയപ്പോള്‍ നിർബന്ധിച്ച്‌ റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കി യുക്രെയിൻ അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് അവസാനമായി വീട്ടില്‍ വിളിച്ചപ്പോള്‍ അസ്‌ഫാൻ പറഞ്ഞത്.

അസ്‌ഫാനെ റഷ്യയില്‍ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഒവൈസിയെ കണ്ടിരുന്നു. റഷ്യൻ യുദ്ധമുഖത്ത് നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകള്‍ തുടരുകയാണെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്.

വിദേശകാര്യ മന്ത്രാലയം ഫെബ്രുവരി 29ന് പുറത്തുവിട്ട കണക്ക് പ്രകാരം റഷ്യൻ സൈന്യത്തിന്റെ സഹായികളായി 20ഓളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കള്‍ യുദ്ധമേഖലയായ യുക്രെയിൻ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഒരാള്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍, അഫ്സാൻ കൊല്ലപ്പെട്ടതിന് എന്താണ് തെളിവെന്നാണ് സഹോദരൻ ഇമ്രാൻ പ്രതികരിച്ചത്. സഹോദരൻ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും ഇതിന് എന്താണ് തെളിവെന്നും അന്വേഷിച്ചു കൊണ്ട് റഷ്യൻ എംബസിക്ക് ഇമ്രാൻ മറുപടി അയച്ചു. സഹോദരന്റെ മരണത്തില്‍ തെളിവായി മരണ സർട്ടിഫിക്കറ്റ് വേണം. അസ്ഫാനെക്കുറിച്ചുള്ള ഈ വാർത്ത ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും?. റഷ്യയില്‍ നിന്ന് എന്തെങ്കിലും തെളിവുകളോ ഏതെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റോ ഉണ്ടോ എന്നും ഇമ്രാൻ മറുപടിയില്‍ ചോദിച്ചു. തന്റെ സഹോദരൻ ജീവിച്ചിരിപ്പുണ്ടെന്നാണ് റിക്രൂട്ടിംഗ് ഏജന്റ് പറയുന്നതെന്നും ഇമ്രാൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published.