തേജസ്വി യാദവിനും സിബിഐ സമന്‍സ്, ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല.

Spread the love

റെയില്‍വേ ഭൂമി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് സി.ബി.ഐക്ക് മുന്‍പാകെ ഹാജരാകില്ല. ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം.

നേരത്തെ ഇ ഡി തേജസ്വി യാദവിന്റെ ഡല്‍ഹി വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. തേജസ്വിയെയും ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ ഭാര്യയെയും 12 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. ഇതിനിടയില്‍ ഭാര്യക്ക് രക്തസമ്മര്‍ദ്ദം ഉയരുകയും തളര്‍ന്നുവീഴുകയുമായിരുന്നു. നിലവില്‍ അവര്‍ ദില്ലിയിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത് കണക്കിലെടുത്താണ് തേജസ്വി ഇന്ന് ഹാജരാകാനാകില്ല എന്നറിയിച്ചത്.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മക്കളായ മിസ ഭാരതി, ഹിമ യാദവ് തുടങ്ങിയവര്‍ പ്രതികളായ കേസിലാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം കേസില്‍ ലാലു പ്രസാദ് യാദവിനെയും, റാബ്റി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ആര്‍ജെഡി മുന്‍ എംഎല്‍എ അബു ദിജനയുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നല്‍കിയ ജോലികള്‍ക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി സ്വീകരിച്ചു എന്നാണ് കേസ്.

Leave a Reply

Your email address will not be published.