തെരുവുനായ്ക്കളുടെ കൈകാലുകള്‍ കെട്ടി ടാറില്‍ മുക്കി ക്രൂരത

Spread the love

വർക്കല: തെരുവുനായ്ക്കളുടെ കൈകാലുകള്‍ കെട്ടി ശരീരം മൊത്തത്തില്‍ ടാറില്‍ മുക്കി ക്രൂരത. ഓടയം പറമ്ബില്‍ ക്ഷേത്രത്തിന് സമീപമാണ് കരളലിയിക്കുന്ന രംഗം.

ഫെബ്രുവരി 20നും 25നുമാണ് രണ്ടു നായ്ക്കളെ ഈവിധത്തില്‍ കണ്ടെത്തിയത്. 20ന് ഒരു നായെ കൈകാലുകള്‍ കെട്ടിയശേഷം ടാറില്‍ മുക്കിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. പീപ്ള്‍സ് ഫോര്‍ അനിമല്‍സ് വളന്റിയറായ ഇടവ വെണ്‍കുളം സ്വദേശി അഹമ്മദ് സ്ഥലത്തെത്തുകയും വിവരം പി.എഫ്.എയെ അറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് റഷ്യന്‍ വനിത പോളിനയും സഹായിയുമെത്തി നായെ ടാറില്‍നിന്ന് രക്ഷിച്ച്‌ കൈകാലുകളിലെ കെട്ടുകള്‍ നീക്കി പുത്തന്‍ചന്തയിലെ ഡോക്ടറുടെ അടുത്തെത്തിച്ചു. നായുടെ ശരീരത്തില്‍ 70 ശതമാനത്തോളം ടാറും മുറിവുകളും ഉണ്ടായിരുന്നു. 

ഈ നായെ കണ്ടതിന് 200 മീറ്റര്‍ അകലെയായിട്ടാണ് 25ന് മറ്റൊരു നായെയും സമാനരീതിയില്‍ കണ്ടെത്തിയത്. ഇതിന്റെയും കൈകാലുകള്‍ കെട്ടി ടാറില്‍ മുക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട നിലയിലായിന്നു. ഇതിനെയും പോളിനയുടെ നേതൃത്വത്തില്‍ രക്ഷിച്ച്‌ ചികിത്സിച്ച നല്‍കി. 

പ്രദേശത്ത് റോഡു പണിക്കായി ശേഖരിച്ചുവെച്ചിരുന്ന ടാറിലാണ് സാമൂഹികവിരുദ്ധര്‍ നായ്ക്കളെ മുക്കിയതെന്നാണ് പ്രദേശവാസികളുടെ സംശയം. 

രണ്ടു നായ്ക്കള്‍ക്കും ഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും ശരീരത്തിലെ ടാര്‍ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല. അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. രണ്ടു നായ്ക്കളെയും ഇപ്പോള്‍ പോളിനയുടെ താമസസ്ഥലത്ത് പാര്‍പ്പിച്ചാണ് ചികിത്സ നല്‍കുന്നത്.സംഭവത്തെക്കുറിച്ച്‌ മൃഗസ്‌നേഹികള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.