തൃശ്ശൂരിലെ തോല്‍വി: നേരറിയാൻ CPI, സംയുക്താന്വേഷണം വേണം

Spread the love

തൃശ്ശൂരില്‍ പ്രതീക്ഷിച്ച വോട്ടുപോലും കിട്ടാതെ ഇടതുമുന്നണിസ്ഥാനാർഥി വി.എസ്. സുനില്‍കുമാർ തോറ്റതില്‍ സംശയം പ്രകടിപ്പിച്ച്‌ സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്ത്. ഇതുസംബന്ധിച്ച്‌ ജനറല്‍ സെക്രട്ടറി ഡി. രാജ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. വോട്ടെടുപ്പുഫലം വന്നയുടൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഡല്‍ഹിയിലെത്തി ദേശീയനേതാക്കളെ കണ്ടിരുന്നു. പരാജയത്തിലേക്കു നയിച്ച സാഹചര്യവും സംഘടനാപരമായ വീഴ്ചകളും സംയുക്തമായി അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ സി.പി.എം. നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവർ ബി.ജെ.പി.യുടെ മികച്ച സ്ഥാനാർഥികളാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനർ ഇ.പി. ജയരാജൻ പ്രശംസിച്ചതും വോട്ടെടുപ്പുദിനത്തില്‍ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തുറന്നുസമ്മതിച്ചതുമൊക്കെ തോല്‍വിയുടെ ആക്കംകൂട്ടിയെന്നാണ് സി.പി.ഐ.യുടെ ആരോപണം. ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യാനുള്ള പ്രചോദനമായിരുന്നു പ്രസ്താവനകളെന്നാണ് വിമർശനം. ഒത്തുകളിയെക്കുറിച്ച്‌ തുടക്കംമുതലേ ആക്ഷേപമുള്ളതിനാല്‍, പ്രശ്നത്തില്‍ സി.പി.എമ്മിന്റെ സംഘടനാപരിശോധനമാത്രം പോരെന്ന നിലപാടിലാണ് സി.പി.ഐ. ഒരുവർഷംമുമ്പേ സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രവർത്തനം തുടങ്ങിയിരുന്നു. വനിതകള്‍, തീരദേശജനത തുടങ്ങിയവരെയൊക്കെ ലക്ഷ്യമിട്ട്‌ പ്രവർത്തിച്ചു. മധ്യവർഗ, ക്രൈസ്തവ വോട്ടുകള്‍ സ്വാധീനിച്ചു. ഈ നീക്കങ്ങളെ സി.പി.എം. ഗൗരവമായെടുത്തില്ല കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് ബി.ജെ.പി. മുതലെടുത്തു. ഇ.ഡി. അന്വേഷണം ഉള്‍പ്പെടെ വന്നപ്പോള്‍ പാർട്ടിതലത്തില്‍ കർശനമായ നടപടിയോ തിരുത്തലോ ഉണ്ടായില്ല. പ്രചാരണവിഷയമായപ്പോള്‍ കരുവന്നൂർ ഒരു പ്രശ്നമല്ലെന്നു വരുത്തിത്തീർക്കാനും പ്രചരിപ്പിക്കാനുമായിരുന്നു സി.പി.എം. ശ്രമം. തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംഘപരിവാർ ആസൂത്രണമായിരുന്നെങ്കിലും പ്രശ്നം വഷളാക്കിയ പോലീസിനെയും ഉദ്യോഗസ്ഥരെയും തക്കസമയത്ത് നിയന്ത്രിച്ചില്ല. ഇങ്ങനെ, ജനങ്ങള്‍ക്കിടയില്‍ വൈകാരികമായ എതിർപ്പിനു വഴിയൊരുക്കി. ബി.ജെ.പി.ക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ നേതാക്കളുടെ ബോധപൂർവമായ നിസ്സംഗതയോ സംഘടനാവീഴ്ചയോ കാരണമായിട്ടുണ്ടോയെന്നു കണ്ടെത്തണം

Leave a Reply

Your email address will not be published.