തത്ത’ എന്ന വാക്ക് തെറ്റിച്ചു; അഞ്ചുവയസുകാരിയുടെ കയ്യൊടിച്ച് ട്യൂഷന്‍ ടീച്ചര്‍

Spread the love

പഠിക്കാത്തതിന് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലുന്നത് പൊതുവായി നമ്മള്‍ കാണുന്ന ഒരു കാഴ്ചയാണ്. അടി പേടിച്ച് കുട്ടികള്‍ സ്‌കൂളുകളിലും ട്യൂഷന്‍ ക്ലാസുകളിലും പോകാതിരിക്കുന്നതും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. എന്നാല്‍, ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരെയും ഒന്ന് വിഷമിപ്പിക്കും.

‘തത്ത’ എന്ന വാക്ക് ശരിയായി എഴുതാത്തതിനെ തുടര്‍ന്ന് ട്യൂഷന്‍ ടീച്ചര്‍ അഞ്ചുവയസുകാരിയുടെ കയ്യൊടിച്ചു. കുട്ടി പാരറ്റ് എന്ന വാക്കിന്റെ സ്‌പെല്ലിങ് ശരിയായി പറയാത്തതിനെ തുടര്‍ന്നാണ് ടീച്ചര്‍ അഞ്ചുവയസുകാരിയുടെ കയ്യൊടിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ആരെയും വിഷമിപ്പിക്കുന്ന സംഭവം.

ടീച്ചറുടെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 22 വയസുള്ള ടീച്ചറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ടീച്ചര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് ടീച്ചര്‍ക്കെതിരെ രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published.